
തിരുവനന്തപുരം: പ്രവാസികൾക്ക് 5 ലക്ഷം രൂപവരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്തു ലക്ഷം രൂപയും വരെ നൽകുന്ന ഇൻഷുറൻസ് നടപ്പാവുന്നു. നോർക്ക കെയർ ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ പദ്ധതിയിലുണ്ട്. സാധാരണ ഇനഷുറൻസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുള്ളതാണ് പദ്ധതി.
അഞ്ച് ലക്ഷം രൂപയുടെ വരെ കവറേജാണ് ഉള്ളത്. ഭർത്താവും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് ജിഎസ്ടി. ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കുട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ മതി. നിലവിലുളള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കും.
പദ്ധതിയിലേക്ക് പ്രവാസികളെ എത്തിക്കാൻ യുഎഇയിൽ മേഖലാ യോഗങ്ങൾ നടക്കുകയാണ്. നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനൊപ്പം നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോർ തുടങ്ങിയവരുമുണ്ട്. അബുദാബിയിലെ യോഗം പൂർത്തിയായി. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ മേഖലാ യോഗം ഞായറാഴ്ച വൈകിട്ട് 6.30നു ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് നടക്കുന്നത്. സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. അന്നു മുതൽ ഒക്ടോബർ 21വരെ പ്രവാസികൾക്ക് പദ്ധതിയിൽ അംഗമാകാം.