
നേരത്തെ, ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു രേഖയായിരുന്നു പാൻ കാർഡ്. എന്നാൽ ഇന്ന് പാൻ കാർഡ് ഇന്ത്യയിലെ പ്രധാന സാമ്പത്തിക തിരിച്ചറിയൽ രേഖകളിലൊന്നായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, സ്വത്ത് വാങ്ങുക, ഉയർന്ന മൂല്യമുള്ള ഇടപാടുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണെന്ന് പറയാം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും നികുതി വെട്ടിപ്പ് തടയാനുമായി കേന്ദ്രസർക്കാർ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം ചില ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് പാൻ വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
1. ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും തുറക്കൽ
ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും തുറക്കാൻ ഇനി പാൻ നിർബന്ധമാണ്. നിക്ഷേപങ്ങളും ബാങ്കിംഗ് ഇടപാടുകളും നിരീക്ഷിക്കാൻ സാമ്പത്തിക സ്ഥാപനങ്ങൾ പാൻ ഉപയോഗിക്കുന്നു.
2. വായ്പയും ക്രെഡിറ്റ് കാർഡും
ഹോം ലോൺ, വ്യക്തിഗത വായ്പ, കാർ ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് സാമ്പത്തിക സേവനത്തിനും അപേക്ഷിക്കുമ്പോഴും പാൻ വിവരങ്ങൾ നൽകണം. അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലവും തിരിച്ചടവ് ശേഷിയും വിലയിരുത്താൻ ബാങ്കുകൾ പാൻ ഉപയോഗിക്കും.
3. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ
ഒറ്റ ഇടപാടിൽ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനും മറ്റും പാൻ നിർബന്ധമാണ്. ആഭരണങ്ങൾ, ആഡംബര വസ്തുക്കൾ, ചില യാത്രാചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
4. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വലിയ കാഷ് പേയ്‌മെന്റുകൾ
ഹോട്ടലുകളിലോ റസ്റ്റോറന്റുകളിലോ 50,000 രൂപയ്ക്ക് മുകളിലുള്ള കാഷ് പേയ്‌മെന്റുകൾ നടത്തിയാൽ പാൻ വിവരങ്ങൾ നൽകണം. വലിയ തുകകൾക്ക് മേലെയുള്ള കാഷ് ഇടപാടുകൾ നിരീക്ഷിക്കാനാണ് ഈ നീക്കം.
5. ബാങ്ക് ഡ്രാഫ്റ്റും പേ ഓർഡറും
50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ കാഷായി വാങ്ങുമ്പോഴും പാൻ നിർബന്ധമാണ്. ഇടപാടുകളുടെ വിവരങ്ങൾ ബാങ്കുകൾ രേഖപ്പെടുത്തണം.
6. സ്വത്ത് ഇടപാടുകളും വലിയ വാങ്ങലുകളും
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി- വീട് ഇടപാടുകളിൽ വാങ്ങുന്നവരും വിൽക്കുന്നവരും പാൻ വിവരങ്ങൾ നൽകണം. സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 10 ലക്ഷം രൂപയ്ക്ക് മുകളിലായാലും ഇത് ബാധകമാണ്. അതുപോലെ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ വാങ്ങലുകൾക്കും പാൻ ആവശ്യമാണ്.
7. ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വാങ്ങൽ- വിൽപ്പന
1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അൺലിസ്റ്റഡ് ഷെയറുകളുടെ വാങ്ങലിനും വിൽപ്പനയ്ക്കും പാൻ നിർബന്ധമാക്കി. സ്റ്റോക്ക് മാർക്കറ്റിന് പുറത്തുള്ള ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ നിരീക്ഷിക്കാനാണ് ഈ നടപടി.
അതേസമയം, പാൻ കാർഡിനായുള്ള അപേക്ഷാ നടപടികളിലും ആദായനികുതി വകുപ്പ് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാനാകില്ല. ജനനത്തീയതി തെളിയിക്കുന്ന പ്രത്യേക രേഖ കൂടി ഇനി സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകാം.
നികുതി ഫയലിംഗിൽ മാത്രം ഒതുങ്ങുന്നതല്ല ഇനി പാനിന്റെ പ്രാധാന്യം. ബാങ്കിംഗ്, നിക്ഷേപം, സ്വത്ത് ഇടപാട്, ഉയർന്ന മൂല്യമുള്ള പർച്ചേസുകൾ തുടങ്ങി നിരവധി സാമ്പത്തിക പ്രവർത്തനങ്ങളുമായി ഇത് ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നു. നിർബന്ധമായ ഇടപാടുകളിൽ പാൻ നൽകാത്ത പക്ഷം ഇടപാടുകൾ നിരസിക്കപ്പെടാനും വൈകാനും പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.