വാഹനാപകടമുണ്ടായാൽ എത്ര സമയം വരെ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കാം? സമയ പരിധിയുണ്ടോ ?

Published : May 10, 2026, 10:52 AM IST
Vehicle Insurance

Synopsis

വാഹനാപകടം സംഭവിച്ച്  അപകടവിവരം അറിയിക്കാൻ വൈകിയാൽ ക്ലെയിം തള്ളിപ്പോകുമോയെന്നത് പലരുടെയും സംശയമാണ്. പോളിസിയിലെ വ്യവസ്ഥകൾ എന്തൊക്കെയാണ് ക്ലെയിം തള്ളിയാൽ എന്തുചെയ്യണം? 

വാഹനാപകടം സംഭവിച്ചതിന് പിന്നാലെ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചില്ലെങ്കിൽ ക്ലെയിം തള്ളിപ്പോകുമോ? പല‍‌ർക്കും ഉള്ള സംശയമാണിത്. ഇതിന് ഉത്തരം നൽകുന്നതാണ് ഡീഷ സ്വദേശിയായ ദേബാനന്ദ പ്രുസ്തിയുടെ അനുഭവം. അദ്ദേഹത്തിന്റെ ഈ അനുഭവം പുതിയ ഒരു ച‌‍ർച്ചയിലേക്ക് കൂടിയാണ് വഴി തുറക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ദേബാനന്ദ പ്രുസ്തിയുടെ ഹോണ്ട ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സൈലൻസറും ചേംബറും കേടായതോടെ ഏകദേശം 17,500 രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ വാഹനത്തിനുണ്ടായ നാശനഷ്ടത്തേക്കാൾ വലിയ പ്രശ്നമായി മാറിയത് ഇൻഷുറൻസ് ക്ലെയിം നടപടികളായിരുന്നു.

അപകടം നടന്നതിന് 68 ദിവസങ്ങൾക്ക് ശേഷമാണ് പ്രുസ്തി ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചത്. മകൻ സെമസ്റ്റർ പരീക്ഷകളിൽ തിരക്കിലായിരുന്നതിനാലും ക്ലെയിം നടപടികൾ ഉടൻ പൂർത്തിയാക്കാനാകാതിരുന്നതിനാലുമാണ് വൈകിയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. എന്നാൽ അപകടവിവരം ഉടൻ അറിയിക്കണമെന്ന പോളിസി വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളി. വൈകിയതിനാൽ അപകടത്തിലുണ്ടായ നാശനഷ്ടം ശരിയായി പരിശോധിക്കാനുള്ള അവസരം നഷ്ടമായെന്നും കമ്പനി വാദിച്ചു.

തുടർന്ന് പ്രുസ്തി ഇൻഷുറൻസ് ഒംബുഡ്സ്മാനെ സമീപിച്ചു. കേസ് പരിശോധിച്ച ഒംബുഡ്സ്മാൻ വൈകിയതിനുള്ള വിശദീകരണം ന്യായമാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇൻഷുറൻസ് കമ്പനി നേരത്തേ തന്നെ സർവേ നടത്തി ഏകദേശം 17,400 രൂപ നഷ്ടമുണ്ടെന്ന് വിലയിരുത്തിയതും ഒംബുഡ്സ്മാൻ പരിഗണിച്ചു. ഒടുവിൽ ക്ലെയിം തീർപ്പാക്കാൻ കമ്പനിയോട് നിർദേശം നൽകുകയായിരുന്നു.

അപകടവിവരം അറിയിക്കാൻ സമയ പരിധിയുണ്ടോ ?

മിക്ക വാഹന ഇൻഷുറൻസ് പോളിസികളിലും അപകടവിവരം “ഉടൻ” അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ “ഉടൻ” എന്നതിന്റെ കൃത്യമായ സമയപരിധി വ്യക്തമാക്കിയിട്ടില്ല. ഇതാണ് പല തർക്കങ്ങൾക്കും കാരണം. സാധാരണയായി 24 മുതൽ 72 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ കവർഷ്യൂറിന്റെ സ്ഥാപകനും സിഇഒയുമായ സൗരഭ് വിജയ്വെ‌ർജിയ പറയുന്നു. ക്യാഷ്‌ലെസ് ഗാരേജ് ക്ലെയിമുകൾ സാധാരണ 24 മണിക്കൂറിനുള്ളിലും, വലിയ അപകടങ്ങൾ അതേ ദിവസം അല്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസവും റിപ്പോർട്ട് ചെയ്യാറുണ്ട്.

അതേസമയം, വൈകിയെന്ന കാരണമാത്രം ചൂണ്ടിക്കാട്ടി എല്ലാ ക്ലെയിമുകളും തള്ളുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. അപകടത്തിൽ വന്ന നഷ്ടം പരിശോധിക്കാൻ വൈകിയത് തടസമായോയെന്നതാണ് ഇൻഷുറൻസ് കമ്പനികൾ പ്രധാനമായി നോക്കുന്നത്. വാഹനം മുൻകൂട്ടി റിപ്പയ‍‌ർ ചെയ്തിട്ടുണ്ടോ, അപകടസ്ഥലം മാറിയിട്ടുണ്ടോ, രേഖകളിൽ വൈരുധ്യമുണ്ടോയെന്നതും പരിശോധിക്കും.

അതേസമയം, ആശുപത്രിവാസം, അകന്ന പ്രദേശങ്ങളിൽ കുടുങ്ങിപ്പോയത്, നെറ്റ്‌വർക്ക് ഇല്ലായ്മ തുടങ്ങിയ സാഹചര്യങ്ങൾ വൈകിയതിന് ശക്തമായ ന്യായീകരണങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാൽ ചെറിയ അപകടങ്ങൾ, യാത്ര, പരീക്ഷകൾ തുടങ്ങിയവ ശക്തമല്ലാത്ത കാരണങ്ങൾ ആയി വിലയിരുത്തപ്പെടാമെന്നും വിദഗ്ധർ പറയുന്നു.

ക്ലെയിം തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപകടത്തിന് പിന്നാലെ ഇൻഷുറൻസ് സർവേയർ പരിശോധന നടത്തുന്നതിന് മുമ്പ് ഒരിക്കലും വാഹനം റിപ്പയ‍‍ർ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് നഷ്ടം സ്വതന്ത്രമായി പരിശോധിക്കാനുള്ള സാധ്യത ഇല്ലാതാക്കും. അപകടസ്ഥലത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തുന്നതും പ്രധാനമാണ്. എഫ്ഐആർ വൈകുന്നത്, മൊഴികളിൽ വൈരുധ്യമുണ്ടാകുന്നത് തുടങ്ങിയവയെല്ലാം ക്ലെയിമിനെ ദുർബലപ്പെടുത്തും.

ക്ലെയിം തള്ളിയാൽ എന്ത് ചെയ്യാം?

വൈകിയെന്ന കാരണത്താൽ ക്ലെയിം തള്ളിയാൽ ആദ്യം ഇൻഷുറൻസ് കമ്പനിയുടെ ഗ്രീവൻസ് റെഡ്രസൽ ഓഫീസറെ സമീപിക്കാം. പരിഹാരമില്ലെങ്കിൽ ഐആർഡിഎഐയുടെ ഇൻഷുറൻസ് റെ​ഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ബിമ ഭാരോസ പ്ലാറ്റ്ഫോം, ഇൻഷുറൻസ് ഒംബുഡ്സ്മാൻ, ഉപഭോക്തൃ കോടതികൾ എന്നിവ വഴിയും പരാതി നൽകാം.

PREV
Read more Articles on
click me!

Recommended Stories

ശ്വേതയുടെ മാറ്റത്തിന് പിന്നിലെ വലിയ കഥ! ഒരു കോടി രൂപ ശമ്പളം വിട്ട് തെരഞ്ഞെടുത്തത് സ്വീപ്പർജോലി, ഒരു ലണ്ടൻ- മെൽബൺ സ്റ്റോറി
കുടുംബാംഗത്തിന്റെ മരണം; സാമ്പത്തിക കാര്യങ്ങളിൽ ഇനി ശ്രദ്ധ വേണം, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?