
കുട്ടികൾ ജനിച്ചു വീഴുമ്പോൾ മിക്ക രക്ഷിതാക്കളും ആദ്യം കണക്ക് കൂട്ടുന്നത് കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം സംബന്ധിച്ചൊന്നും ഇപ്പോൾ തന്നെ ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ലല്ലോ എന്നാണ്. എന്നാൽ വിദ്യാഭ്യാസച്ചെലവുകൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് വർദ്ധിക്കുന്നത്. ഇന്ന് 10 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രൊഫഷണൽ കോഴ്സിന് പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ അതിന്റെ ഇരട്ടിയിലധികം തുക ആവശ്യമായി വന്നേക്കാം. പൊതുവായ വിലക്കയറ്റത്തേക്കാൾ വേഗത്തിലാണ് കോളേജ് ഫീസുകൾ വർധിക്കുന്നത്. അതുകൊണ്ട് തന്നെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. മിക്ക രക്ഷിതാക്കളും പിപിഎഫ് (PPF), സുകന്യ സമൃദ്ധി യോജന (SSY), എൻപിഎസ് വാത്സല്യ (NPS Vatsalya), മ്യൂച്വൽ ഫണ്ടുകൾ (Mutual Funds) എന്നീ മാർഗങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കാറുള്ളത്. ഇവയിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ബുദ്ധിമുട്ട്.
സുരക്ഷിതത്വവും കൃത്യതയും ആഗ്രഹിക്കുന്നവർക്ക് പിപിഎഫ് തെരഞ്ഞെടുക്കാം. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളിൽ ഭയപ്പെടാതെ, തങ്ങളുടെ പണം സുരക്ഷിതമായിരിക്കണം എന്ന് കരുതുന്നവർക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആണ് ഉചിതം. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാലുള്ള സുരക്ഷിതത്വവും നികുതി ഇളവുകളുമാണ് ഇതിന്റെ പ്രധാന ആകർഷണം. എന്നാൽ, വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയരുമ്പോൾ, പിപിഎഫിൽ നിന്നുള്ള നിശ്ചിത പലിശ നിരക്ക് കൊണ്ട് മാത്രം ഭാവിയിലെ വലിയ ഫീസുകൾ കണ്ടെത്താൻ സാധിച്ചേക്കില്ല.
പെൺമക്കളുള്ള മാതാപിതാക്കൾക്ക് ഏറ്റവും മികച്ച പദ്ധതിയാണിത്. നിലവിൽ 8.2% ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിക്ക് പിപിഎഫിനേക്കാൾ ഉയർന്ന റിട്ടേൺ ലഭിക്കാറുണ്ട്. സമ്പൂർണ്ണ നികുതി ഇളവുകളുള്ള (EEE) ഈ പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി തുക മാറ്റിവെക്കാൻ സഹായിക്കും. എങ്കിലും ഇതും ഒരു ഫിക്സഡ് ഇൻകം (Fixed-income) മാത്രം തരുന്ന പദ്ധതിയായതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി വിപണി നൽകുന്ന വലിയ ലാഭം ഇതിൽ നിന്ന് പ്രതീക്ഷിക്കാനാകില്ല.
എൻപിഎസ് വാത്സല്യ (NPS Vatsalya)
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അടുത്തിടെ സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് എൻപിഎസ് വാത്സല്യ. ഓഹരി വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള (Market-linked) ഈ പദ്ധതിയിലൂടെ നിക്ഷേപത്തിന്റെ ഒരു ഭാഗം ഇക്വിറ്റിയിലേക്കും ബാക്കി ഭാഗം ഡെറ്റ് (Debt) ഫണ്ടുകളിലേക്കും മാറ്റാം. 15 വർഷം വരെയുള്ള ദീർഘകാല ലക്ഷ്യങ്ങൾക്ക് ഇത് മികച്ച വളർച്ച നൽകും. എന്നാൽ, മ്യൂച്വൽ ഫണ്ടുകൾ പോലെ എപ്പോൾ വേണമെങ്കിലും ഇതിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. ലോക്ക്- ഇൻ പിരീഡും പണം പിൻവലിക്കുന്നതിന് കൃത്യമായ നിബന്ധനകളും (ഉദാഹരണത്തിന് 3 വർഷത്തിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിക്ഷേപത്തിന്റെ 25% വരെ മാത്രം പിൻവലിക്കാം) ഇതിനുണ്ട്.
മ്യൂച്വൽ ഫണ്ടുകൾ (Mutual Funds)
നിങ്ങളുടെ കുട്ടിക്ക് 3 വയസ്സേ പ്രായമുള്ളൂ എങ്കിൽ കോളേജ് വിദ്യാഭ്യാസത്തിന് ഇനിയും 15 വർഷത്തോളം സമയമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പണം വേഗത്തിൽ വളരാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ (SIP വഴി) തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. വിപണിയിലെ റിസ്ക് കാരണം ചില വർഷങ്ങളിൽ പോർട്ട്ഫോളിയോ താഴേക്ക് പോയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ മറികടക്കുന്ന മികച്ച ലാഭം നൽകാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കും.
ഏതാണ് ഏറ്റവും മികച്ചത്?
ഇതിൽ ഏതെങ്കിലും ഒരൊറ്റ പദ്ധതി മാത്രമാണ് നല്ലതെന്ന് പറയാനാകില്ല. പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി പോലുള്ള പദ്ധതികൾ സുരക്ഷിതത്വത്തിനായി ഉപയോഗിക്കുമ്പോൾ തന്നെ, വലിയ തുക സമാഹരിക്കാനായി നിക്ഷേപത്തിന്റെ ഒരു ഭാഗം മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറ്റുന്നതാണ് ബുദ്ധി. ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നതിന് മുൻപ്, മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ഏകദേശം എത്ര തുക വേണ്ടി വരുമെന്നും എപ്പോഴാണ് ഈ പണം ആവശ്യമെന്നും കണക്കുകൂട്ടുക. ഏത് പദ്ധതിയായാലും എത്രയും വേഗത്തിൽ നിക്ഷേപം ആരംഭിച്ച് അത് കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.