ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ചികിത്സയ്ക്കായി ആശുപത്രിയില്‍ കിടക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിയില്ലെന്ന് ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. മതിയായ മെഡിക്കല്‍ രേഖകളില്ലാതെ ക്ലെയിം നിരസിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് പോളിസി ഉടമയ്ക്ക് 2.24 ലക്ഷത്തിലധികം രൂപ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ചികിത്സയ്ക്കായി ആശുപത്രിയില്‍ കിടക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിയില്ലെന്ന് ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. ഇതിന് മതിയായ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാതെ മെഡിക്ലെയിം തള്ളിക്കളയാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ക്ലെയിം നിരസിച്ചത് സേവനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് പോളിസി ഉടമയ്ക്ക് 2.24 ലക്ഷത്തിലധികം രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.
2023 നവംബറില്‍ നെഞ്ചുവേദന, ശ്വാസതടസം, വയറുവേദന, തലവേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി ക്യാഷ്ലെസ് ചികിത്സ നിഷേധിച്ചതോടെ, രോഗി സ്വന്തമായി 1,54,144 രൂപ ചികിത്സയ്ക്കായി ചിലവാക്കി. പിന്നീട് ഈ തുക തിരികെ ലഭിക്കാനായി കമ്പനിയെ സമീപിക്കുകയായിരുന്നു.
ക്ലെയിം നിരസിച്ചത് എന്തുകൊണ്ട്?
രോഗിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും പരിശോധനകള്‍ക്കും നിരീക്ഷണത്തിനും വേണ്ടി മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിസമ്മതിച്ചത്. രോഗനിര്‍ണയത്തിനായി മാത്രം ആശുപത്രിയില്‍ കിടക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന പോളിസി വ്യവസ്ഥയും കമ്പനി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ നടപടിയെ രോഗി ചോദ്യം ചെയ്തു. ആശുപത്രി വാസത്തിനിടെ തനിക്ക് ബയോപ്‌സി, എന്‍ഡോസ്‌കോപ്പി, എംആര്‍ഐ, അള്‍ട്രാസൗണ്ട് തുടങ്ങിയ നിരവധി പരിശോധനകള്‍ നടത്തിയെന്നും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. ഡിസ്ചാര്‍ജ് സമ്മറി പ്രകാരം കഠിനമായ ഗ്യാസ്‌ട്രൈറ്റിസ്, ഹൈപ്പോതൈറോയിഡിസം, ഓവേറിയന്‍ സിസ്റ്റ് എന്നിവ അവര്‍ക്ക് സ്ഥിരീകരിച്ചിരുന്നു.
ഉപഭോക്തൃ കമ്മീഷന്റെ കണ്ടെത്തലുകള്‍
കേസ് പരിഗണിച്ച ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാനോ രേഖാമൂലം വിശദീകരണം നല്‍കാനോ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറായില്ല. ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ എതിര്‍ക്കുന്ന ഒരു മെഡിക്കല്‍ രേഖയും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച കമ്മീഷന്‍, രോഗിക്ക് കൃത്യമായ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും ആശുപത്രി വാസം വെറും പരിശോധനകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ലെന്നും കണ്ടെത്തി.
വെറും രോഗനിര്‍ണയത്തിന് മാത്രമായി ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന സാഹചര്യത്തില്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക നിഷേധിക്കുന്ന വ്യവസ്ഥ ബാധകമാകൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കി. മതിയായ കാരണങ്ങളോ മെഡിക്കല്‍ രേഖകളോ ഇല്ലാതെ, ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ തീരുമാനങ്ങളെ മറികടന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിക്കും കഴിയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
നഷ്ടപരിഹാരം
ആശുപത്രി ചിലവായ 1,54,144 രൂപ, 2023 ഡിസംബര്‍ 29 മുതലുള്ള 6% വാര്‍ഷിക പലിശ സഹിതം തിരികെ നല്‍കാന്‍ കമ്മീഷന്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സിന് നിര്‍ദേശം നല്‍കി. ഇതിന് പുറമെ, ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് 50,000 രൂപയും കോടതി ചിലവായി 20,000 രൂപയും നല്‍കണം. 30 ദിവസത്തിനകം ഈ തുക നല്‍കിയില്ലെങ്കില്‍, മുഴുവന്‍ തുകയ്ക്കും 9% വാര്‍ഷിക പലിശ നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.


