ബക്കറ്റ് ലിസ്റ്റിൽ തായ്‌ലന്‍ഡ് യാത്രയുണ്ടോ? കാര്യങ്ങളാകെ മാറി! വിസ നിരക്കുകള്‍ പരിഷ്‌കരിച്ചു, ഏപ്രില്‍ 27 മുതല്‍ പുതിയ നിരക്ക്

Published : Apr 23, 2026, 10:39 AM IST
Thailand

Synopsis

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള തായ്‌ലൻഡ് വിസ നിരക്കുകൾ പുതുക്കി. ഏപ്രിൽ 27 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ 60 ദിവസത്തിൽ കൂടുതൽ താമസിക്കുന്നവർക്കും മറ്റ് വിസകൾക്കും ബാധകമാകും. എന്നാൽ, ഹ്രസ്വകാല വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് തുടരും.

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായ തായ്‌ലന്‍ഡ്, വിസ നിരക്കുകളില്‍ മാറ്റം വരുത്തുന്നു. വിസ ഫീസുകള്‍ക്ക് പുറമെ കൗണ്‍സുലര്‍ സേവനങ്ങള്‍ക്കും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള നിരക്കുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ 27 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് ഡല്‍ഹിയിലെ തായ് എംബസി അറിയിച്ചു.

വിസ ഇളവ് തുടരും

സാധാരണ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിലവിലുള്ള 'വിസ ഇളവ്' തുടര്‍ന്നും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഈ ആനുകൂല്യം ഉപയോഗിച്ച് വിസയില്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ പ്രവേശിച്ച് 60 ദിവസം വരെ താമസിക്കാം. ഇങ്ങനെയുള്ള ഹ്രസ്വകാല സന്ദര്‍ശകര്‍ക്ക് പുതിയ വിസ നിരക്കുകള്‍ ബാധകമാകില്ല. എന്നാല്‍ 60 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവരോ അല്ലെങ്കില്‍ ജോലി, താമസം തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി വിസ എടുക്കുന്നവരോ പുതിയ നിരക്ക് നല്‍കേണ്ടി വരും.

പുതുക്കിയ വിസ നിരക്കുകള്‍

ട്രാന്‍സിറ്റ് വിസ: 2,500 രൂപ

ടൂറിസ്റ്റ് വിസ (സിംഗിള്‍ എന്‍ട്രി): 3,000 രൂപ

ടൂറിസ്റ്റ് വിസ (മള്‍ട്ടിപ്പിള്‍ എന്‍ട്രി): 13,500 രൂപ

മറ്റ് സേവന നിരക്കുകള്‍:

വിസയ്ക്ക് പുറമെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമാണ്.

രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍: 1,400 രൂപ

സാധാരണ പാസ്പോര്‍ട്ട് (5 വര്‍ഷം): 3,000 രൂപ

ഇ-വിസ സംവിധാനം

60 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ പദ്ധതിയിടുന്നവര്‍ തായ്‌ലന്‍ഡിന്റെ ഔദ്യോഗിക ഇ-വിസ പ്ലാറ്റ്ഫോം വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അംഗീകൃത ഏജന്റുമാര്‍ വഴിയോ അപേക്ഷ നല്‍കാവുന്നതാണ്.

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. 2025 പകുതിയോടെ തന്നെ തായ്‌ലന്‍ഡ് സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരുന്നു. ഡിസംബര്‍ ആയപ്പോഴേക്കും ഇത് 20 ലക്ഷത്തിലധികമായി ഉയര്‍ന്നു. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസ്റ്റുകള്‍ക്ക് വിസ ഇളവ് നല്‍കുന്ന നയം തായ്‌ലന്‍ഡ് തുടരുന്നത്. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 27 മുതല്‍ അപേക്ഷകര്‍ പുതുക്കിയ തുക തന്നെ നല്‍കണമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'സിംഗിള്‍ പസങ്ക'ള്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് വേണ്ടേ? തീരുമാനമെടുക്കും മുൻപ് ഓർക്കാൻ
വീട് വാങ്ങാനോ ഹോം ലോൺ അടയ്ക്കാനോ പിഎഫ് പിൻവലിക്കാൻ പ്ലാനുണ്ടോ? അറിയാം പുതിയ നിയമങ്ങളും നിബന്ധനകളും