ജോലി രാജിവച്ചാൽ നോട്ടീസ് പിരീഡ് നിർബന്ധമാണോ? കമ്പനിക്ക് നിങ്ങളുടെ പേരിൽ കേസ് കൊടുക്കാനാകുമോ? നിയമം പറയുന്നതെന്ത്?

Published : Apr 21, 2026, 05:11 PM IST
notice period

Synopsis

ഒരു സ്ഥാപനത്തിൽ നിന്ന് രാജി വെക്കുമ്പോൾ നോട്ടീസ് പിരീഡ് നിർബന്ധമാണോ എന്നും അത് ഒഴിവാക്കാനാകുമോ എന്നും പലർക്കും സംശയമുണ്ട്. ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച്, നോട്ടീസ് പിരീഡ് ജീവനക്കാരന്റെ തൊഴിൽ കരാറിനെ ആശ്രയിച്ചിരിക്കുന്നു. 

ഒരു സ്ഥാപനത്തിൽ നിന്ന് രാജി വച്ച് പുറത്ത് പോകുന്നത് സംബന്ധിച്ച നിയമങ്ങളിലും നിബന്ധനകളിലും ഇപ്പോഴും പലർക്കും ആശയക്കുഴപ്പമുണ്ട്. ജോലി രാജി വച്ചാൽ ഉറപ്പായും നോട്ടീസ് പിരീഡ് കൂടെ അവിടെത്തന്നെ നിൽക്കണോ? അത് ഒഴിവാക്കാമോ? എന്ന ചോദ്യമാണ് പലർക്കും ഉള്ളത്.

നിയമം പറയുന്നത് എന്ത്?

ഇന്ത്യയിൽ എല്ലാ ജീവനക്കാർക്കും സ്ഥാപനം വിട്ടിറങ്ങുമ്പോൾ നിർബന്ധമായും നോട്ടീസ് പീരിയഡിലൂടെ കടന്നു പോകണമെന്ന നിയമമില്ല. ഇത് എല്ലാവർക്കും ഒരു പോലെ ബാധകവുമല്ല. ജോലിയിൽ പ്രവേശിക്കുമ്പോൾ ഒപ്പുവെക്കുന്ന എംപ്ലോയ്മെന്റ് കോൺട്രാക്റ്റിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പിരീഡിനെപ്പറ്റി പ്രതിപാദിക്കുന്നത്.

ഇനി നോട്ടീസ് പിരീഡ് പൂർത്തിയാക്കാതെ സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോയാൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം. പലരും കരുതുന്നത് പോലെ ഇത് ഒരു ക്രിമിനൽ കുറ്റമല്ല. കമ്പനിക്ക് ഒരു ക്രിമിനൽ നടപടിയും സ്വീകരിക്കാനുമാവില്ല. എന്നാൽ, കരാർ ലംഘനം എന്ന നിലയിൽ സിവിൽ കേസ് കൊടുക്കാൻ വരെ വകുപ്പുണ്ട്. ഇനി ജോലിക്ക് കേറിയ സമയത്ത് നൽകിയ കരാർ അനുസരിച്ച് നോട്ടീസ് പേ നൽകി നേരത്തെ പോകുകയും ചെയ്യാം.

ചില പ്രത്യേക സാഹചര്യങ്ങളിൽ ജീവനക്കാർക്ക് നോട്ടീസ് പിരീഡ് ഇല്ലാതെ തന്നെ പിരിഞ്ഞ് പോകാനുള്ള അവകാശമുണ്ട്. ശമ്പളം നൽകാത്തത് അല്ലെങ്കിൽ വൈകുന്ന കാരണങ്ങൾ കൊണ്ട് രാജി വക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം. തൊഴിൽസ്ഥലത്ത് അസഹനീയമായ സാഹചര്യങ്ങൾ, മാനസിക പീഡനം അല്ലെങ്കിൽ മോശം പെരുമാറ്റം തുടങ്ങിയ സാഹചര്യങ്ങൾ തെളിയിക്കാനായാൽ ജീവനക്കാരന് നിയമപരമായ സംരക്ഷണം ലഭിക്കാം.

നോട്ടീസ് പിരീഡ് കഴിയാതെ ജോലി രാജി വച്ച് ഇറങ്ങുന്നത് കൊണ്ട് ശമ്പളവും എക്സ്പീരിയൻസ് ലെറ്ററും തടയുമോ? 2019 ലെ തൊഴിൽ നിയമ പ്രകാരം ജോലി അവസാനിപ്പിച്ചാലും ലഭിക്കേണ്ട ശമ്പളം തടയാൻ കമ്പനിക്ക് അവകാശമില്ല. കമ്പനിക്ക് വേണമെങ്കിൽ നോട്ടീസ് പേ കുറക്കാം. പക്ഷേ മുഴുവൻ തുകയും പിടിച്ചുവെക്കാൻ കഴിയില്ല. എക്സ്പീരിയൻസ് ലെറ്റർ നൽകാതിരിക്കാനും പാടില്ല. ഓരോരോ മേഖലകളനുസരിച്ച് ഇതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. ഐടി കമ്പനികളിൽ സാധാരണയായി 30– 90 ദിവസത്തെ നോട്ടീസ് പിരീഡ് ആണ് ഉണ്ടാകുക. സ്റ്റാർട്ടപ്പുകളിൽ കൂടുതൽ സൗകര്യപ്രദമായ സമീപനമാകും ഉണ്ടാകുക. ഫിക്‌സ്ഡ്- ടേം കോൺട്രാക്റ്റിൽ നോട്ടീസ് പിരീഡ് ഉണ്ടാകണമെന്ന് നിർബന്ധമില്ല. രാജിവെക്കുന്നതിന് മുമ്പ് നിങ്ങളുടെ കരാർ നിബന്ധനകൾ സൂക്ഷിച്ച് പരിശോധിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

ഹോട്ടല്‍ ഭക്ഷണം ശീലമാണോ? നിങ്ങളുടെ കീശ ചോരുന്നത് അറിയുന്നുണ്ടോ? ഈ 'ചെറിയ വലിയ' കാര്യത്തിൽ ശ്രദ്ധ വേണം
സാലറി സ്ലിപ് സൂക്ഷിച്ചു നോക്കണം; ഇനി കയ്യിൽക്കിട്ടുന്ന ശമ്പളം കുറയുമോ? ചർച്ചയിൽ നിറഞ്ഞ് പുതിയ തൊഴിൽ നിയമം