
നാട്ടിലെ കടകളില്‍ സാധനം വാങ്ങിയാല്‍ മൊബൈലെടുത്ത് ഒരു സ്‌കാന്‍... മിക്ക ഇന്ത്യക്കാര്‍ക്കും ഇന്ന് പണമടയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് യുപിഐ. എന്നാല്‍ വിദേശയാത്രകളിലും ഇതേപോലെ സ്‌കാന്‍ ചെയ്ത് പണമടയ്ക്കാന്‍ കഴിയുമെന്ന് എത്ര പേര്‍ക്കറിയാം?
നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 'യുപിഐ ഗ്ലോബല്‍ അക്‌സെപ്റ്റന്‍സ്' വഴി ഇപ്പോള്‍ വിദേശത്തുള്ള കടകളിലും നമ്മുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണമടയ്ക്കാം. വിദേശയാത്രകളില്‍ ഇത് വളരെ സൗകര്യപ്രദമാണെങ്കിലും, പൂര്‍ണമായും ഇതിനെ ആശ്രയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
നാട്ടില്‍ സ്‌കാന്‍ ചെയ്യുന്നത് പോലെ തന്നെയാണ് വിദേശത്തും യുപിഐ ഉപയോഗിക്കേണ്ടത്. ആദ്യം നിങ്ങളുടെ ബാങ്കും യുപിഐ ആപ്പും അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇതിനായി നിങ്ങളുടെ ആപ്പില്‍ 'യുപിഐ ഇന്റര്‍നാഷണല്‍' മുന്‍കൂട്ടി ആക്ടിവേറ്റ് ചെയ്യേണ്ടി വരും.
യുപിഐ സ്വീകരിക്കുന്ന കടകളില്‍ ക്യുആര്‍ കോഡ്‌സ്‌കാന്‍ ചെയ്യാം. പിന്‍ നമ്പര്‍ അടിക്കുന്നതിന് മുന്‍പ്, വിദേശ കറന്‍സിയിലുള്ള തുകയും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് കുറയുന്ന ഇന്ത്യന്‍ രൂപയുടെ തുകയും ഫോണ്‍ സ്‌ക്രീനില്‍ കാണാം. വിനിമയ നിരക്കും മറ്റ് ചാര്‍ജുകളും പരിശോധിച്ച ശേഷം മാത്രം പിന്‍ നമ്പര്‍ നല്‍കുക.
ചില ആപ്പുകളില്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. ഉദാഹരണത്തിന്, ഗൂഗിള്‍ പേയില്‍ഒറ്റത്തവണ ആക്ടിവേറ്റ് ചെയ്താല്‍ 7 ദിവസത്തേക്കാണ് ഈ സൗകര്യം ലഭിക്കുക. ആവശ്യമെങ്കില്‍ പിന്നീട് വീണ്ടും ആക്ടിവേറ്റ് ചെയ്യാം.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2026 ഓഗസ്റ്റില്‍ 11 വിദേശ രാജ്യങ്ങളില്‍ യുപിഐ സേവനം ലഭ്യമാണ്. കൂടുതല്‍ രാജ്യങ്ങളിലേക്കും കറന്‍സികളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ എന്‍പിസിഐ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുപിഐ സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്ത് എത്തിയതുകൊണ്ട് മാത്രം എല്ലാ ഹോട്ടലുകളിലും കടകളിലും ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കില്ല. കടകളില്‍ യുപിഐയുടെയോ മറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന പേയ്മെന്റ് നെറ്റ്വര്‍ക്കുകളുടെയോ ലോഗോ ഉണ്ടോ എന്ന് നോക്കുക. പണമടയ്ക്കുന്നതിന് മുന്‍പ് യുപിഐ സ്വീകരിക്കുമോ എന്ന് ചോദിച്ച് ഉറപ്പുവരുത്തുന്നതാണ് നല്ലത്.
നാട്ടിലെ കടയില്‍ 500 രൂപ സ്‌കാന്‍ ചെയ്ത് നല്‍കുന്നത് പോലെയല്ല വിദേശത്തെ ഇടപാടുകള്‍. വിദേശ കറന്‍സി മാറ്റുന്നതിനുള്ള ചെലവും ബാങ്ക് ചാര്‍ജുകളും ഇതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന്, വിദേശത്തെ ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാന്‍ ബാങ്കുകള്‍ ഒരു ഫീസ് ഈടാക്കുമെന്ന് ഗൂഗിള്‍ പേ തന്നെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതുകൊണ്ട് വിദേശത്ത് പണമടയ്ക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗം യുപിഐ ആണെന്ന് തെറ്റിദ്ധരിക്കരുത്. പിന്‍ അടിക്കുന്നതിന് മുന്‍പ് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും എത്ര രൂപയാണ് ഈടാക്കുന്നതെന്ന് കൃത്യമായി നോക്കുക. നിങ്ങളുടെ പക്കല്‍ ഫോറെക്‌സ് കാര്‍ഡോ വിദേശ കറന്‍സി ചാര്‍ജുകള്‍ കുറവുള്ള ക്രെഡിറ്റ് കാര്‍ഡോ ഉണ്ടെങ്കില്‍ അതുമായി താരതമ്യം ചെയ്ത് ലാഭകരമായത് ഉപയോഗിക്കുക.