ട്രെന്റ് ആയി 'വെഡ് ഇന്‍ ഇന്ത്യ', വിദേശ യുവദമ്പതികള്‍ക്കിടയില്‍ വരെ പ്രിയപ്പെട്ട ഇടമായി കേരളം!

Published : May 15, 2026, 04:19 PM IST
Destination wedding

Synopsis

ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വിപണി വലിയ വളർച്ച നേടുകയാണ്.  വിദേശ രാജ്യങ്ങൾക്ക് പകരം ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവണതയും വർധിക്കുന്നു. 'വെഡ് ഇൻ ഇന്ത്യ' എന്ന ആശയം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുകയും കേരളവും രാജസ്ഥാനും പോലുള്ള സ്ഥലങ്ങളെ പ്രിയപ്പെട്ട വിവാഹ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.

വിവാഹങ്ങള്‍ വെറുമൊരു ചടങ്ങല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്ന വലിയൊരു വിപണിയായി മാറുകയാണ്. വിദേശ രാജ്യങ്ങളില്‍ പോയി ആഡംബര വിവാഹങ്ങള്‍ നടത്തുന്ന രീതിക്ക് പകരം രാജ്യത്തെ മനോഹരമായ ഇടങ്ങള്‍ തിരഞ്ഞെടുക്കുന്ന ട്രെന്റിന് തുടക്കമായിരിക്കുകയാണ് .ഇന്ത്യന്‍ വിവാഹ വിനോദസഞ്ചാര മേഖല വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുതിച്ചുയരുന്ന വിപണി

കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് വിപണിയുടെ മൂല്യം 2024 ല്‍ ഏകദേശം 16.25 ബില്യണ്‍ ഡോളറാണ് (ഏകദേശം 1.35 ലക്ഷം കോടി രൂപ). ഇത് 2033 ആകുമ്പോഴേക്കും 55 ബില്യണ്‍ ഡോളറിന് മുകളില്‍ എത്തുമെന്നാണ് പ്രവചനം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വിവാഹങ്ങളില്‍ 18% മാത്രമായിരുന്നു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ എങ്കില്‍ ഇന്നത് 26% ആയി ഉയര്‍ന്നു. ഒരു സാധാരണ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് ശരാശരി 51 ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഒരു കോടിക്ക് മുകളില്‍ ബജറ്റുള്ള വിവാഹങ്ങളെല്ലാം ഇപ്പോള്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ശൈലിയിലേക്കാണ് മാറുന്നത്.

എന്താണ് 'വെഡ് ഇന്‍ ഇന്ത്യ'?

സമ്പന്നരായ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ പോയി വിവാഹം നടത്തുമ്പോള്‍ രാജ്യത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് നഷ്ടമാകുന്നത്. പ്രതിവര്‍ഷം 10.5 മുതല്‍ 14 ബില്യണ്‍ ഡോളര്‍ വരെ ഇത്തരത്തില്‍ വിദേശത്തേക്ക് ഒഴുകുന്നു എന്നാണ് കണക്ക്.

ഇഷ്ട ഇടങ്ങളായി കേരളവും രാജസ്ഥാനും

രാജകീയ വിവാഹങ്ങള്‍: കൊട്ടാരങ്ങളുടെയും പൈതൃക നഗരങ്ങളുടെയും ഭംഗിയുള്ള ഉദയ്പൂര്‍, ജയ്പൂര്‍, ജോധ്പൂര്‍.

ബീച്ച് വിവാഹങ്ങള്‍: മനോഹരമായ സൂര്യാസ്തമയവും കടല്‍ത്തീരവുമുള്ള ഗോവയും കേരളവും. കേരളത്തിലെ കായല്‍ തീര റിസോര്‍ട്ടുകളും ഇപ്പോള്‍ വിദേശികള്‍ക്ക് പോലും പ്രിയങ്കരമാണ്.

മലയോര വിവാഹങ്ങള്‍: ഏകാന്തതയും തണുപ്പും ആഗ്രഹിക്കുന്നവര്‍ക്കായി മുസ്സൂറി, ഷിംല, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍.

പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത്

വിവാഹ വിനോദസഞ്ചാരം വളരുന്നതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി ലഭിക്കുന്നത്. ഏകദേശം ഒരു കോടിയിലധികം ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നു. ഡെക്കറേറ്റര്‍മാര്‍, കാറ്ററിംഗ് തൊഴിലാളികള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വാദ്യക്കാര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ഇത് വലിയ വരുമാന മാര്‍ഗമാണ്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും കാഴ്ചകള്‍ കാണാന്‍ പോകുന്നതും വഴി ആ പ്രദേശത്തെ വിപണി സജീവമാകുന്നു.

സോഷ്യല്‍ മീഡിയയുടെ സ്വാധീനവും സിനിമാറ്റിക് വെഡ്ഡിംഗ് ഫോട്ടോഗ്രഫിയോടുള്ള താല്പര്യവുമാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭൂപ്രകൃതിയുമുള്ള ഇന്ത്യയെ ലോകത്തെ തന്നെ ഏറ്റവും മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

യാത്രാച്ചെലവിൽ മാത്രം ഒതുങ്ങില്ല! കരുതിയിരിക്കാം, ഇന്ധന വില വർധനവ് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കും?
ഇതിനൊക്കെ കൃത്യമായ കണക്കുണ്ട്! അല്ലെങ്കിൽ പണി പാളും, വീട്ടിൽ എത്ര പവൻ സ്വർണം സൂക്ഷിക്കാം?