
സ്ഥിര നിക്ഷേപം എന്നത് ഒട്ടുമിക്ക ആളുകൾക്കും പരിചയമുള്ള ഒന്നായിരിക്കും. എന്നാൽ കോർപ്പറേറ്റ് എഫ്ഡി അല്ലെങ്കിൽ കമ്പനി എഫ്ഡി എന്നതിനെക്കുറിച്ച് യാതെരു ധാരണയും ഇല്ലാത്തവർ കൂടുതലാണ്. കമ്പനി എഫ്ഡി എന്നാൽ ഫിനാൻസ് കമ്പനികൾ, ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ അല്ലെങ്കിൽ എൻബിഎഫ്സികൾ പോലുള്ള കമ്പനികൾ നൽകുന്ന എഫ്ഡിയാണ്. പല ബിസിനസുകൾക്കും, പൊതുജനങ്ങളിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിനുള്ള ഒരു വഴിയുമാണിത്.
കോർപ്പറേറ്റ് എഫ്ഡിയുടെ റേറ്റിങ്ങുകൾ സാധാരണയായി ഐസിആർഎ, ക്രിസിൽ, കെയർ തുടങ്ങിയ റേറ്റിംഗ് ഏജൻസികളാണ് തീരുമാനിക്കുന്നത്. നിക്ഷേപം സുരക്ഷിതമാണോ എന്നതുൾപ്പടെയുള്ള അപകടസാധ്യത സൂചിപ്പിച്ചുകൊണ്ട്, ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത വിലയിരുത്താൻ ഈ റേറ്റിംഗ് നിക്ഷേപകരെ സഹായിക്കുന്നു.
കോർപ്പറേറ്റ് എഫ്ഡിയുടെ സവിശേഷതകൾ
ബാങ്ക് നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശനിരക്കാണ് കോർപ്പറേറ്റ് എഫ്ഡി വാഗ്ദാനം ചെയ്യുന്നത്, കാരണം, ഇവയ്ക്ക് റിസ്ക് കൂടുതലാണ്.
സി.എഫ്.ഡി.കളിലെ പലിശ പ്രതിമാസമോ, ത്രൈമാസികമോ, അർദ്ധവാർഷികമോ അല്ലെങ്കിൽ വാർഷികമോ ആയി ലഭിക്കും.
ഐസിആർഎ, ക്രിസിൽ, കെയർ തുടങ്ങിയ അംഗീകൃത റേറ്റിംഗ് ഏജൻസികൾ കോർപ്പറേറ്റ് എഫ്ഡിയുടെ ക്രെഡിറ്റ് റേറ്റിംഗ് നടത്തുന്നു.
ബാധകമായ നികുതി സ്ലാബുകൾ അനുസരിച്ച് ലഭിക്കുന്ന പലിശയിൽ നിന്നാണ് നികുതി കുറയ്ക്കുന്നത്.
ആർബിഐ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി നൽകുന്ന ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രോഗ്രാമിന് കീഴിൽ കോർപ്പറേറ്റ് എഫ്‌ഡികൾ ഉൾപ്പെടുന്നില്ല, അതിനാൽ ഇവയ്ക്ക് ബാങ്ക് ഡെപ്പോസിറ്റ് സ്കീമുകളേക്കാൾ അപകടസാധ്യത കൂടുതലാണ്.
കോർപ്പറേറ്റ് എഫ്ഡിയുടെ നേട്ടങ്ങൾ
ഉയർന്ന പലിശ - കമ്പനി എഫ്ഡിയുടെ ഏറ്റവും വലിയ ഗുണം ഉയർന്ന പലിശ ലഭിക്കും എന്നുള്ളതാണ്.
പലിശ ലഭിക്കുന്നത് - പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം, വാർഷികം എന്നിങ്ങനെ വിവിധ കാലയളവിൽ പലിശ ലഭിച്ചേക്കാം.
ക്രെഡിറ്റ് റേറ്റിംഗുകൾ - ഐസിആർഎ, ക്രിസിൽ, കെയർ തുടങ്ങിയ ഏജൻസികളാണ് റേറ്റുചെയ്യുന്നത്. അതിനാൽ ഇത് നോക്കി നിക്ഷ്ഷേപിക്കാവുന്നതാണ്.
വായ്പ എളുപ്പത്തിൽ ലഭിക്കും- കോർപ്പറേറ്റ് എഫ്ഡിയുടെ ഉറപ്പിൽ തുകയുടെ 75% വരെ വായ്പകൾ ലഭിക്കും.