പാര്‍ലമെന്‍റില്‍ പത്ത് കൊലക്കേസ് പ്രതികൾ; 14 പേ‍‍ര്‍ക്കെതിരെ വധശ്രമത്തിന് കേസ്

By Web TeamFirst Published Mar 28, 2019, 5:14 PM IST
Highlights

ലോക്സഭയിൽ നിന്ന് കാലാവധി പൂര്‍ത്തിയാക്കി പോകുന്ന പത്ത് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്

ദില്ലി: ലോക്സഭ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങളിൽ പത്ത് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഇവര്‍ തന്നെ സമര്‍പ്പിച്ച രേഖകളിൽ പറയുന്നു. 14 പേര്‍ തങ്ങള്‍ക്കെതിരെ വധശ്രമത്തിന് കേസ് നിലവിലുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഈ കണക്കുകൾ പുറത്തുവിട്ടത്.

ആകെയുളള 521 സിറ്റിങ് എംപിമാരിൽ 174 പേര്‍ക്കെതിരെയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ക്രിമിനൽ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഇവരിൽ 106 പേര്‍ക്കെതിരെ ചുമത്തിയത് ഗുരുതര കുറ്റകൃത്യങ്ങളായ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, സാമുദായിക ലഹള, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയവയാണ്.

543 അംഗങ്ങളിൽ 521 പേര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്. കൊലക്കേസ് ചുമത്തപ്പെട്ടവരിൽ നാല് പേര്‍ ബിജെപി അംഗങ്ങളാണ്. കോൺഗ്രസ്, എൻസിപി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ജനതാദൾ, സ്വാഭിമാനി പക്ഷ പാ‍ട്ടിക്കാരും ഒരു സ്വതന്ത്രനുമാണ് മറ്റുളളവര്‍.

വധശ്രമത്തിന് കേസ് ചുമത്തപ്പെട്ട 14 പേരിൽ എട്ട് പേരും ഭരണകക്ഷിയായ ബിജെപിയുടെ അംഗങ്ങളാണ്. ബാക്കിയുളളവരിൽ ഒരാൾ വീതം കോൺഗ്രസ്, എൻസിപി, ശിവസേന, ആര്‍ജെഡി, തൃണമൂൽ കോൺഗ്രസ്, സ്വാഭിമാനി പക്ഷ എന്നിവയിൽ നിന്നുണ്ട്. 

സാമുദായിക സമാധാനം തകര്‍ത്ത കേസിൽ ബിജെപിയുടെ പത്തംഗങ്ങൾ പ്രതികളാണ്. തെലങ്കാന രാഷ്ട്ര സമിതി, പിഎംകെ, എംഐഎം, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയുടെ പ്രതികളാണ് ശേഷിച്ച നാല് പേര്‍.

ബിജെപി അംഗങ്ങളിൽ 267 പേരിൽ 92 പേര്‍ക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. കോൺഗ്രസിന്റെ ഏഴ് അംഗങ്ങളും അണ്ണാ ഡിഎംകെയുടെ ആറ് പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 

സഭയിൽ 521 പേരിൽ 430 പേരും കോടീശ്വരന്മാരാണ്. എംപിമാരുടെ ശരാശരി ആസ്തി 14.72 കോടി രൂപയാണ്. തെലുഗുദേശം പാര്‍ട്ടിയുടെ എംപി ജയദേവ് ഗല്ലയാണ് ഏറ്റവും ധനികൻ. ഇദ്ദേഹത്തിന്റെ പേരിൽ 683 കോടിയുടെ സ്വത്തുക്കളുണ്ട്. രാജസ്ഥാനിൽ നിന്നുളള ബിജെപി എംപി സുമേധ നന്ദ സരസ്വതിയുടെ പേരിൽ ആകെയുളളത് 34000 രൂപയാണ്. 

click me!