100 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്‌ അര്‍ജുന്‍സിങ്ങ്‌; മുന്‍നേതാവിന്റെ മനോനില തകരാറിലെന്ന്‌ തൃണമൂല്‍

By Web TeamFirst Published Mar 28, 2019, 4:25 PM IST
Highlights

ബരാക്‌പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍ സിങ്ങാണ്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്‌ എത്തുമെന്ന്‌ പറഞ്ഞത്‌.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്‌ 100 എംഎല്‍എമാര്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്ന്‌ മുന്‍ തൃണമൂല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍. ബരാക്‌പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍ സിങ്ങാണ്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്‌ എത്തുമെന്ന്‌ പറഞ്ഞത്‌.

എംഎല്‍എമാരില്‍ ചിലര്‍ തെരഞ്ഞെടുപ്പിന്‌ മുമ്പും മറ്റുള്ളവര്‍ തെരഞ്ഞെടുപ്പിന്‌ ശേഷവും ബിജെപിയിലേക്കെത്തുമെന്നാണ്‌ അര്‍ജുന്‍ സിങ്ങ്‌ അവകാശപ്പെടുന്നത്‌. ഇവരെല്ലാവരും ബിജെപി നേതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബത്‌പാര മണ്ഡലത്തില്‍ നിന്ന്‌ നാലുവട്ടം തൃണമൂല്‍ എംഎല്‍എയായി ജയിച്ചയാളാണ്‌ അര്‍ജുന്‍ സിങ്ങ്‌.

തൃണമൂല്‍ മന്ത്രിമാര്‍ ബിജെപിയിലേക്ക്‌ വരുമോ എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാന്‍ അര്‍ജുന്‍ സിങ്‌ തയ്യാറായില്ല. 'എനിക്കിപ്പോള്‍ ഉവ്വ്‌ എന്നുത്തരം നല്‍കാന്‍ കഴിയില്ല, അങ്ങനെ ചെയ്‌താല്‍ ആ മന്ത്രിമാര്‍ പുറത്താക്കപ്പെടും' എന്നായിരുന്നു മറുപടി.

എന്നാല്‍, അര്‍ജുന്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രതികരിച്ചു. ബിജെപിയിലെത്തിയതോടെ അദ്ദേഹത്തിന്റെ മനോനില തകരാറിലായെന്ന്‌ തൃണമൂല്‍ നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മാലിക്‌ പ്രതികരിച്ചു.

click me!