മണ്ണിലും വിണ്ണിലും ബഹിരാകാശത്തും സര്‍ജിക്കൽ സ്ട്രൈക്ക് നടത്തി: നരേന്ദ്ര മോദി

By Web TeamFirst Published Mar 28, 2019, 4:15 PM IST
Highlights

ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും സര്‍ജിക്കൽ സ്ട്രൈക് നടത്തിയെന്ന് പ്രധാനമന്ത്രി മോദി

മീററ്റ്: എത്ര ഉറച്ച തീരുമാനവും എടുക്കാനാവുന്ന സര്‍ക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം ഭരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അബിസംബോധന ചെയ്ത് മീററ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ശക്തിയിലൂടെ ഉപഗ്രഹ വേധ മിസൈൽ ശേഷിയുളള രാജ്യമായി മാറിയത് തന്റെ ഭരണനേട്ടമായി മീററ്റിലെ റാലിയിൽ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

"ഈ കാവൽക്കാരൻ, ഭൂമിയിലും ആകാശത്തിലും ബഹിരാകാശത്തിലും സര്‍ജിക്കൽ സ്ട്രൈക്ക് നടത്താൻ കരുത്തുളളവനാണെന്ന് തെളിയിച്ചു," എന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. മുൻപ് രാജ്യം ഭരിച്ച സര്‍ക്കാരുകളെല്ലാം കേവലം മുദ്രാവാക്യങ്ങൾ മാത്രമാണ് മുന്നോട്ട് വച്ചതെന്നും എന്നാൽ തന്റെ സര്‍ക്കാര്‍ ശരിയായ തീരുമാനങ്ങള്‍ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹ-വേധ മിസൈലുകളുടെ വിജയകരമായ വിക്ഷേപണ പ്രഖ്യാപനത്തെ വിമര്‍ശിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനര്‍ജിയെയും അദ്ദേഹം അതിരൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചു. "തിയേറ്ററിൽ ഉപയോഗിക്കുന്ന എന്തോ ആണ് എ-സാറ്റ് എന്നാണ് അവര്‍ മനസിലാക്കിയത്," എന്നായിരുന്നു മോദിയുടെ പരിഹാസം.

പാക്കിസ്ഥാനിലെ ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ കുറിച്ച് കൂടുതൽ വ്യക്തത വേണമെന്ന് പറയുന്ന പ്രതിപക്ഷ പാര്‍ട്ടികൾക്ക് നേരെയും മോദി ശക്തമായ വിമര്‍ശനമാണ് നടത്തിയത്. "ആജ്ഞാനുവര്‍ത്തിയായ മകനെയാണോ അല്ല, തെളിവാണോ വേണ്ടത്?" എന്നായിരുന്നും അദ്ദേഹത്തിന്റെ ചോദ്യം.

സര്‍ക്കാരിന്റെ റിപ്പോ‍ര്‍ട്ട് കാര്‍ഡ് അധികം വൈകാതെ ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാ‍ര്‍ട്ടി-ബിഎസ്‌പി-രാഷ്ട്രീയ ലോക്‌ദള്‍ കൂട്ടുകെട്ടിൽ നിന്ന് അകന്ന് നിൽക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. 

click me!