
ദില്ലി: നോയിഡ സ്വദേശിയായ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ സന്താനത്തിന് 101 വയസ്സുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ് 1946 ലാണ് സന്താനം ആദ്യമായി തന്റെ വോട്ടവകാശം ഉപയോഗിക്കുന്നത്. പിന്നീടിതുവരെ താൻ വോട്ടവകാശം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് സന്താനം അഭിമാനത്തോടെ വെളിപ്പെടുത്തുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ മിക്കവരും വിശ്രമജീവിതം നയിക്കുന്ന നഗരമാണ് നോയിഡ. സന്താനത്തെപ്പോലെ നിരവധി മുതിർന്ന പൗരൻമാർ തങ്ങളുടെ വോട്ടവകാശം അഭിമാനത്തോടെ രേഖപ്പെടുത്താൻ ബദ്ധശ്രദ്ധരാണ്.
''ബ്രിട്ടീഷ് ഇന്ത്യയുടെ പ്രദേശങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള വോട്ടെടുപ്പാണ് 1946 ൽ നടന്നത്. അന്ന് ആദായ നികുതി അടക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.'' കന്നിവോട്ടിനെക്കുറിച്ച് സന്താനം പറയുന്നു. സൈന്യത്തിലെ ജോലിയാണ് കൃത്യമായി വോട്ട് രേഖപ്പെടുത്താൻ തന്നെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ധാരാളം പോരാട്ടങ്ങൾക്കും സഹനങ്ങൾക്കും ശേഷമാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. അത് ആരും അനുവദിച്ചതല്ലന്നും നേടിയെടുത്തതാണെന്നും സന്താനം പറയുന്നു.
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സന്താനം ബോംബെയിൽ നിന്നും നോയിഡയിലേക്ക് താമസം മാറ്റുന്നത്. അപ്പോഴും തന്റെ വോട്ട് താമസിക്കുന്ന നഗരത്തിലേക്ക് മാറ്റുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പലയിടങ്ങളിൽ മാറിത്താമസിക്കേണ്ടി വന്നെങ്കിലും അപ്പോഴൊന്നും വോട്ടവകാശം രേഖപ്പെടുത്താതെയിരുന്നിട്ടില്ല. പുതിയ തലമുറയ്ക്ക് അറിവ് നേടാനുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാകുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കാൻ അവർ മറന്നു പോകരുതെന്നും സന്താനം ആവശ്യപ്പെടുന്നു. ''മാറ്റത്തിന് ആഗ്രഹിക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും ഒരിക്കലും തെറ്റല്ല. പക്ഷേ അത് വോട്ടവകാശം പ്രയോജനപ്പെടുത്തുന്നതിലൂടെ ആയിരിക്കണം. തെറ്റും ശരിയും തമ്മിലുള്ള അന്തരവും ചുറ്റുമെന്താണ് സംഭവിക്കുന്നതെന്നും പുതിയ തലമുറയ്ക്ക് അറിയാൻ സാധിക്കും. അതിനാൽ വോട്ട് ഒരിക്കലും നഷ്ടപ്പെടുത്തരുത്.'' സന്താനം വിശദീകരിക്കുന്നു.