പ്രശ്നങ്ങൾ പരിഹരിച്ചില്ല; വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ 111 കർഷകർ

By Web TeamFirst Published Mar 23, 2019, 8:17 PM IST
Highlights

മോദിക്കെതിരെ മത്സരിക്കുന്നതിനുവേണ്ടി രാജ്യത്തെ മുഴുവൻ കര്‍ഷകരുടെയും അഖിലേന്ത്യ കിസാന്‍ സങ്കര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പിന്തുണയുണ്ടെന്നും അയ്യാക്കണ്ണ് വ്യക്തമാക്കി.

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാനൊരുങ്ങി തമിഴ്നാട്ടില്‍ നിന്നുമുള്ള 111 കര്‍ഷകര്‍. തമിഴ്നാട് കര്‍ഷക നേതാവ് പി. അയ്യാക്കണ്ണാണ് ഇക്കാര്യം അറിയിച്ചത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നിരവധി തവണ സമര പ്രകടനങ്ങളുമായി മുന്നോട്ടുപോയ കർഷകരാണ് മോദിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്.

തങ്ങളുടെ ആവശ്യങ്ങൾ  എപ്പോൾ പൂർത്തീകരിക്കുമോ അന്ന് മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും അയ്യാക്കണ്ണ് പറഞ്ഞു. 2017ല്‍ ദില്ലിയിൽ കർഷകർ നടത്തിയ 100 ദിവസത്തെ സമരത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി വാർത്താ ഏജൻസിയായ പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു. മോദിക്കെതിരെ മത്സരിക്കുന്നതിനുവേണ്ടി രാജ്യത്തെ മുഴുവൻ കര്‍ഷകരുടെയും അഖിലേന്ത്യ കിസാന്‍ സങ്കര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പിന്തുണയുണ്ടെന്നും അയ്യാക്കണ്ണ് വ്യക്തമാക്കി.

'ഞങ്ങൾ‌ ബിജെപിക്കോ മോദിക്കോ എതിരല്ല. അധികാരത്തിലേറുന്നതിന് മുമ്പ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. ഇന്നും മോദി തന്നെയാണ് നമ്മുടെ പ്രധാനമന്ത്രിയും ബിജെപിയാണ് ഭരണകക്ഷിയും. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല'- അയ്യാക്കണ്ണ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി 300 കര്‍ഷകര്‍ക്ക് വാരാണസിയിലേയ്ക്ക് പോകുന്നതിന് ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായും അയ്യക്കണ്ണ് വ്യക്തമാക്കി. 

കാർഷിക വിളകൾക്ക് ന്യായ വില,  60 വയസ്സില്‍ മുകളിലുള്ള കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ തുടങ്ങിയുള്ള വാഗ്ദാനങ്ങളാണ് ഇപ്പോഴും പാലിക്കാതിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ ബിജെപി എം പിയായ പൊന്‍ രാധാകൃഷ്ണന്‍  പ്രശ്നത്തില്‍ പരിഹാരം കാണാമെന്നുള്ള ഉറപ്പ് നല്‍കിയാലും  ഈ തീരുമാനത്തില്‍ നിന്നും പിന്മാറുമെന്നും അയ്യാക്കണ്ണ് അറിയിച്ചു.
 

click me!