രാഹുലിനെ തോൽപ്പിക്കാനുള്ള അവസരം കേരളം അഭിമാനത്തോടെ ഏറ്റെടുക്കും : കോടിയേരി ബാലകൃഷ്ണൻ

By Web TeamFirst Published Mar 23, 2019, 7:36 PM IST
Highlights

രാഹുൽ ഗാന്ധി ബിജെപിക്കെതിരെ മത്സരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട കോടിയേരി. ബിജെപിയുടെ മടയിൽ കയറി ആക്രമിക്കാതെ ഇടത് ശക്തികേന്ദ്രമായ കേരളത്തിലേക്ക് വണ്ടി കയറുകയാണ് രാഹുൽ ചെയ്യുന്നതെന്ന് പരിഹസിച്ചു.

കാസർകോട്: രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിനെ എതിരിടേണ്ട രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് ആരോപിച്ച കോടിയേരി ബാലകൃഷ്ണൻ രാഹുലിനെ തോൽപ്പിക്കാനുള്ള അവസരം കേരളം അഭിമാനത്തോടെ ഏറ്റെടുക്കുമെന്നും അറിയിച്ചു. 

രാഹുൽ ഗാന്ധി ബിജെപിക്കെതിരെ മത്സരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട കോടിയേരി. ബിജെപിയുടെ മടയിൽ കയറി ആക്രമിക്കാതെ ഇടത് ശക്തികേന്ദ്രമായ കേരളത്തിലേക്ക് വണ്ടി കയറുകയാണ് രാഹുൽ ചെയ്യുന്നതെന്ന് പരിഹസിച്ചു. കുറ്റിച്ചൂലിനെ നി‍ർത്തിയാൽ പോലും ജയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞ സീറ്റിൽ മത്സരിക്കാനാണ് രാഹുൽ ഗാന്ധിയെത്തുന്നുതെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

സിപിഎമ്മിന് ഇത്തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇല്ല എന്ന് ഓർമ്മിപ്പിച്ച കോടിയേരി രാഹുൽ ഇടത് പക്ഷത്തിന്‍റെ സ്ഥാനാർത്ഥി അല്ല എന്നും വ്യക്തമാക്കി. പക്ഷെ ബിജെപിയെ തോൽപ്പിക്കണമെന്നും മോദിയെ മാറ്റണമെന്നും സിപിഎമ്മിന് നിർബന്ധമുണ്ടെന്നും കോടിയേരി ആവർത്തിച്ചു. മോദി വിണ്ടും അധികാരത്തിൽ വന്നാൽ
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഇല്ലാതാകുമെന്നും കോടിയേരി താക്കീത് ചെയ്തു . കോൺഗ്രസിന് പഴയ ശക്തി ഇല്ലെന്നും ഇക്കുറി കോൺഗ്രസ് ഇതര മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അവകാശപ്പെട്ട കോടിയേരി ഇതിന് സിപിഎം മുൻകൈ എടുക്കുമെന്നും അറിയിച്ചു. 

click me!