കെ സുരേന്ദ്രന്‍റെ പേരിൽ 240 ക്രിമിനൽ കേസുകൾ; കേസ് വിവരങ്ങൾ സംബന്ധിച്ച് 4 പേജ് പത്രപരസ്യം

By Web TeamFirst Published Apr 18, 2019, 12:14 PM IST
Highlights

വധശ്രമം, കലാപശ്രമം, സംഘം ചേർന്ന് അക്രമം നടത്തൽ, ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഗതാഗതം തടസ്സപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ സുരേന്ദ്രന്‍റെ പേരിലുള്ള കേസുകൾ.

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ളത് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ്. 240 കേസുകളുടെ വിവരങ്ങളാണ് കെ സുരേന്ദ്രൻ പ്രസിദ്ധീകരിച്ചത്. ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയുടെ നാല് മുഴുവൻ പേജുകളിലായാണ് കെ സുരേന്ദ്രന്‍റെ പേരിലുള്ള ക്രിമിനൽ കേസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്‍റെ പേരിൽ കേസുകളുണ്ട്.

വധശ്രമം, കലാപശ്രമം, സംഘം ചേർന്ന് അക്രമം നടത്തൽ, ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഗതാഗതം തടസ്സപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ സുരേന്ദ്രന്‍റെ പേരിലുള്ള കേസുകൾ. ഇവയിൽ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയിൽ മാത്രം കെ സുരേന്ദ്രന്‍റെ പേരിൽ 68 കേസുകളുണ്ട്. തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂർ 6, കോഴിക്കോട് 2,  മലപ്പുറം 1, വയനാട് 1, കണ്ണൂർ 1, കാസർകോട് 33 എന്നിങ്ങനെയാണ് സുരേന്ദ്രന്‍റെ പേരിലുള്ള കേസുകളുടെ എണ്ണം. മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണ്.

ജില്ലാ വരണാധികാരി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു പത്രത്തിൽ മൂന്ന് തവണയോ മൂന്ന് പത്രങ്ങളിൽ ഓരോ തവണ വീതമോ സ്ഥാനാർത്ഥികളുടെ പേരിലുള്ള കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധന. സുരേന്ദ്രന്‍റെ പേരിൽ 240 കേസുകൾ ഉള്ളതുകൊണ്ട് അവയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പത്രത്തിന്‍റെ നാല് മുഴുവൻ പേജുകൾ വേണ്ടിവന്നു. ശരാശരി പ്രചാരമുള്ള പത്രത്തിൽ ഒരു തവണ പരസ്യം നൽകാൻ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. മൂന്ന് തവണ പരസ്യം നൽകാൻ 60 ലക്ഷം രൂപ വേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഒരു സ്ഥാനാർത്ഥിക്ക് നിയമപരമായി ചെലവഴിക്കാനാകുന്നത് 75 ലക്ഷം രൂപയാണ്. അതായത് കണക്കുകൾ പ്രകാരം 15 ലക്ഷം രൂപയേ സുരേന്ദ്രന് പ്രചാരണ ചെലവുകൾക്കായി ഉപയോഗിക്കാനാകൂ. ഇത് ലംഘിക്കുന്നതായി കണ്ടാൽ സുരേന്ദ്രന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരായി പരാതികൾ ഉയർന്നേക്കും. കേസുകൾ പരസ്യപ്പെടുത്താനുള്ള ചെലവ് തെരഞ്ഞെടുപ്പ് ചെലവുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

ഇത് കൂടാതെ പ്രചാരമുള്ള ടിവി ചാനലുകളിലും കേസ് വിവരങ്ങൾ കാട്ടി പരസ്യം നൽകേണ്ടതുണ്ട്. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയിൽ കൃത്യമായി മനസിലാകുന്ന തരത്തിൽ കുറഞ്ഞത് ഏഴ് സെക്കന്‍റെങ്കിലും നീണ്ടുനിൽക്കുന്ന ടെലിവിഷൻ പരസ്യം നൽകണം എന്നാണ് നിർദ്ദേശം. സ്ഥാനാർത്ഥികൾ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

click me!