വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന് പറഞ്ഞ സാക്ഷി മഹാരാജിന്റെ പേരിലുള്ളത് 34 ക്രിമിനൽ കേസുകൾ

By Web TeamFirst Published Apr 13, 2019, 8:48 PM IST
Highlights

1990കളിലാണ് സ്വാമി സച്ചിദാനന്ദ് ഹരി എന്നും അറിയപ്പെടുന്ന സാക്ഷി മഹാരാജ് രാഷ്ട്രീയത്തിലെത്തുന്നത്. ഫാറൂഖാബാദില്‍ നിന്നും രണ്ട് തവണ ബിജെപി എംപിയായ ആളാണ് സാക്ഷി മഹാരാജ്. എന്നാൽ പിന്നീട് ബിജെപിയിൽ നിന്നും പിന്മാറി സമാജ്‌വാദി പാര്‍ട്ടിയിലും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിന്റെ രാഷ്ട്രീയ ക്രാന്തി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദില്ലി: താന്‍ സന്യാസിയാണെന്നും വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും പറഞ്ഞ ബിജെപി എംപി സാക്ഷി മഹാരാജിന്റെ പേരിലുള്ളത് 34 ക്രിമിനൽ കേസുകൾ. നോമിനേഷനൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്വേഷം പ്രചരിപ്പിക്കുക, കവർച്ച, കൊലപാതകം, തട്ടിപ്പ്, വഞ്ചന തുടങ്ങി കുറ്റകൃത്യങ്ങളാണ് സാക്ഷി മഹാരാജിന്റെ പേരിലുള്ളത്.

1990കളിലാണ് സ്വാമി സച്ചിദാനന്ദ് ഹരി എന്നും അറിയപ്പെടുന്ന സാക്ഷി മഹാരാജ് രാഷ്ട്രീയത്തിലെത്തുന്നത്. ഫാറൂഖാബാദില്‍ നിന്നും രണ്ട് തവണ ബിജെപി എംപിയായ ആളാണ് സാക്ഷി മഹാരാജ്. എന്നാൽ പിന്നീട് ബിജെപിയിൽ നിന്നും പിന്മാറി സമാജ്‌വാദി പാര്‍ട്ടിയിലും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിന്റെ രാഷ്ട്രീയ ക്രാന്തി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷം വീണ്ടും തിരികെ ബിജെപിയിൽ ചേരുകയും ചെയ്തു. 2014ല്‍ ജയിച്ച ഉന്നാവില്‍ തന്നെയാണ് ഇത്തവണയും സാക്ഷി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഞാന്‍ ഒരു സന്യാസി കൂടിയാണ്. എന്നെ നിങ്ങള്‍ നിരാകരിക്കുകയാണെങ്കിലും കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കുമെന്നും നിങ്ങളെ ശപിക്കുമെന്നുമാണ് സാക്ഷി പറഞ്ഞത്.

തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. 
 

click me!