തൃശൂരില്‍ ആകെ എട്ട് സ്ഥാനാര്‍ത്ഥികള്‍; ചിഹ്നങ്ങളായി, ചൂടുപിടിച്ച് പ്രചാരണം

By Web TeamFirst Published Apr 8, 2019, 7:17 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് എട്ടു പേര്‍ മത്സരിക്കും. അവസാനദിവസം സ്വതന്ത്രന്‍  പിഎ ചന്ദ്രന്‍ പത്രിക പിന്‍വലിച്ചതോടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. 

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് എട്ടു പേര്‍ മത്സരിക്കും. അവസാനദിവസം സ്വതന്ത്രന്‍  പിഎ ചന്ദ്രന്‍ പത്രിക പിന്‍വലിച്ചതോടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പികെ സേനാപതിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടിവി അനുപമ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങളും അനുവദിച്ചു. ഇതോടെ വനേല്‍ ചൂടിനെ വെല്ലുന്ന രാഷ്ട്രീയച്ചൂടാണ് മണ്ഡലത്തില്‍.

ബിഎസ്പി സ്ഥാനാര്‍ത്ഥി നിഖില്‍ ടിസി (ആന), യുഡിഎഫിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ (കൈ), എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ത്ഥി രാജാജി (അരിവാളും ധാന്യക്കതിരും), എന്‍ഡിഎയിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി (താമര), സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍ സ്ഥാനാര്‍ത്ഥി എന്‍ഡി വേണു (ഓട്ടോറിക്ഷ), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കെപി പ്രവീണ്‍ (ഡയമണ്ട്), സുവിത് (ബാസ്‌കറ്റും ഫ്രൂട്ട്‌സും), സോനു (ഫുട്‌ബോള്‍) എന്നിവര്‍ക്കാണ് ചിഹ്നങ്ങള്‍ അനുവദിച്ചു നല്‍കിയത്. 

ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സമ്മതിദാനം സമയോചിതമായി വിനിയോഗിക്കുന്നതിന് പോസ്റ്റല്‍ ബാലറ്റ് ഈയാഴ്ച മുതല്‍ അയച്ചു തുടങ്ങുമെന്ന് കളക്ടര്‍ ടിവി അനുപമ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എറണാകുളത്തും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തിരുവനന്തപുരത്തുമാണ് തയ്യാറാക്കുന്നത്. 

പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ചു കിട്ടിയാലുടന്‍ തന്നെ തെരഞ്ഞെടുപ്പു വിഭാഗം സീല്‍ ചെയ്ത് അയച്ചു തുടങ്ങും. തെരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുന്‍പു വരെ ഈ പ്രക്രിയ തുടരും. ഉദ്യോഗസ്ഥര്‍ക്ക് വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ തിരിച്ചയക്കാനുള്ള സൗകര്യം വോട്ടണ്ണല്‍ തീയതിയുടെ അന്നുവരെ ഉപയോഗപ്പെടുത്താവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.
 

click me!