നോമിനേഷൻ കൊടുക്കാൻ പോയത് കുതിരപ്പുറത്ത് നവവരനെപ്പോലെ ഒരുങ്ങി...

By Web TeamFirst Published Apr 9, 2019, 4:53 PM IST
Highlights

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ‌ ഒരു സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കാൻ പോയത് നവവരനെ പോലെ ഒരുങ്ങി കുതിരപ്പുറത്തേറിയാണ്. വൈദ് രാജ് കിഷൻ എന്ന സ്ഥാനാർത്ഥിയാണ് നോമിനേഷൻ കൊടുക്കാൻ ഇങ്ങനെ പോയേക്കാം എന്ന് തീരുമാനിച്ചത്.

ഉത്തർപ്രദേശ്: തെര‍ഞ്ഞെടുപ്പിന് അപരൻമാർ സ്ഥാനാർത്ഥികളായെത്തുന്നതും വ്യത്യസ്തമായി വോട്ട് ചോദിക്കുന്നതുമെല്ലാം സർവ്വസാധാരണമാണ്. പലരും വളരെ രസകരമായിട്ടാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ‌ ഒരു സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കാൻ പോയത് നവവരനെ പോലെ ഒരുങ്ങി കുതിരപ്പുറത്തേറിയാണ്. വൈദ് രാജ് കിഷൻ എന്ന സ്ഥാനാർത്ഥിയാണ് നോമിനേഷൻ കൊടുക്കാൻ ഇങ്ങനെ പോയേക്കാം എന്ന് തീരുമാനിച്ചത്. ഒരുക്കം മാത്രമല്ല, സാധാരണ വിവാഹങ്ങളിൽ കാണപ്പെടുന്ന കൊട്ടും പാട്ടും മേളവുമുണ്ടായിരുന്നു കിഷനൊപ്പം. 

ഷാജഹാൻപൂരിലെ സൻയുക്ത് വികാസ് പാർട്ടി സ്ഥാനാർത്ഥിയാണ് വൈദ് രാജ് കിഷൻ. ഇങ്ങനെ നോമിനേഷൻ കൊടുക്കാൻ പോയത് എന്തിനാണെന്ന് ചോദിച്ചാൽ‌ കിഷൻ പറയും, ഞാൻ‌ രാഷ്ട്രീയത്തിന്റെ മരുമകനായിട്ടാണ് പോയതെന്ന്. നിരവധി ഇലക്ഷനിൽ താൻ മത്സരിച്ചിട്ടുണ്ടെന്ന കിഷൻ പറയുന്നു. എന്നാൽ ഒരിക്കൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ എന്തായാലും കിഷൻ ആത്മവിശ്വാസത്തിലാണ്. ഷാജഹാൻപൂരിലെ ജനങ്ങൾ തനിക്കൊപ്പമാണ് എന്ന് കിഷൻ ഉറപ്പിച്ച് പറയുന്നു. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഏപ്രിൽ 29 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഇതിന് മുമ്പുള്ള തെര‍ഞ്ഞെടുപ്പുകളിലും കിഷൻ വ്യത്യസ്തമായ രീതികളിലാണ് നോമിനേഷൻ നൽകാൻ പോയത്. കാലന്റെ വേഷത്തിലും ശവമഞ്ചത്തിൽ കിടന്നുമൊക്കയാണ് കിഷൻ വ്യത്യസ്തനായ സ്ഥാനാർത്ഥിയായത്. വിചിത്രമായ ഈ സ്വഭാവം കൊണ്ട് തന്നെ കിഷൻ ഷാജഹാൻപൂരിൽ പ്രശസ്തനാണ്. 

click me!