
ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മണിപ്പൂരിലെ തീവ്രവാദ സംഘനയായ സോമി റി-യൂണിഫിക്കേഷന്‍ ഓർഗനൈസേഷൻ (സെഡ്ആർഒ) നേതാവും. തെരഞ്ഞെടുപ്പിൽ നേതാവിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സോമി റി-യൂണിഫിക്കേഷന്‍ ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഫെബ്രുവരി 23-നാണ് എച്ച് ഷോഖോപോ ബെഞ്ചമിന്‍ മേറ്റ് എന്ന നേതാവിന് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് സംഘടന കത്തയച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി ടിക്കറ്റിൽ ബെഞ്ചമിന്‍ മേറ്റ് മത്സരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
മണിപ്പൂരിലെ രണ്ട് സീറ്റുകളിൽ ഒന്നായ ഔട്ടര്‍ മണിപ്പൂര്‍ സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടി പ്രസിഡന്റ് താംഗ്ലിയാന്‍ പാവു കത്തില്‍ ആവശ്യപ്പെടുന്നത്. കത്തിന്റെ കോപ്പി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനും അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ക്കും അയച്ചിരുന്നു. സോമി റീ യൂണിഫിക്കേഷൻ ആർമിയുടെ പോഷക സംഘടനയാണ് സോമി റി-യൂണിഫിക്കേഷന്‍.
ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുല്‍കി നാഷണല്‍ ആര്‍മി (കെഎൻഎ) മണ്ഡലത്തിലെ ഗ്രാമത്തലവന്‍മാരെ ഭീഷണിപ്പെടുത്തിയതായി റിപ്പോട്ടുകളുണ്ട്. പോള്‍ ചെയ്യുന്നതിന്റെ 90 ശതമാനം വോട്ടുകളും ബിജെപിക്ക് കിട്ടിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കോളൂ, നിങ്ങൾക്കെതിരെ അക്രമമഴിച്ചുവിടും എന്നാണ് ഗ്രാമത്തലവന്‍മാരോട് കെഎൻഎയുടെ ഭീഷണി.
അതേസമയം, പണം, മദ്യം, ബുള്ളറ്റ് എന്നിവ വാരിവിതറുന്നതാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പെന്ന് പ്രമുഖ സിപിഎം നേതാവ് എം നരസിംഗ് ദേശീയ മാധ്യമമായ ദി വയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സാധാരണയായി നടക്കുന്ന തെരഞ്ഞെടുപ്പ് ആയിരുന്നെങ്കിൽ താൻ വളരെകാലം മുമ്പെ ജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.