കേസുകള്‍ പരസ്യപ്പെടുത്താന്‍ അധിക ചെലവ്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍

By Web TeamFirst Published Apr 18, 2019, 3:35 PM IST
Highlights

പരസ്യം നൽകാൻ പ്രമുഖ ദിനപത്രത്തിനെ അടക്കം സമീപിച്ചപ്പോൾ 18 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക മുടക്കി പരസ്യം നൽകിയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ചെലവാക്കാൻ നിർദ്ദേശിക്കുന്ന തുകയുടെ മുകളിലാവുമെന്നും എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: കേസുകൾ പരസ്യപ്പെടുത്തുന്നതിലെ അധിക ചെലവിനെ കുറിച്ച്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷന്‍. പരസ്യം നൽകാൻ പ്രമുഖ ദിനപത്രത്തിനെ അടക്കം സമീപിച്ചപ്പോൾ 18 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക മുടക്കി പരസ്യം നൽകിയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ചെലവാക്കാൻ നിർദ്ദേശിക്കുന്ന തുകയുടെ മുകളിലാവും. ഈ സാഹചര്യത്തിലാണ് കമ്മീഷന് പരാതി നൽകുന്നതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. 

കേസ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി അനുസരിച്ച് സ്ഥാനാർത്ഥികൾ പരസ്യം നൽകി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ അഞ്ച് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം കേസുകളുള്ള സ്ഥാനാർത്ഥികളിലൊരാൾ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രൻ പരസ്യപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് സ്ഥാനാർത്ഥിക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ പൂർണ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും കേസ് വിവരം പത്ര, ദൃശ്യ മാധ്യമത്തിൽ പരസ്യം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു.  കേസുകളെക്കുറിച്ചുള്ള വിവരം പത്രത്തിലും ദൃശ്യ മാധ്യമത്തിലുമായി സ്ഥാനാർത്ഥിയും പാർട്ടിയും മൊത്തം 12 തവണ പരസ്യം ചെയ്യേണ്ടിവരും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച കേസ് വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത്. സ്ഥാനാർത്ഥിയുടെ പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കേ‍ാടതി, കേസ് ഏതു നിയമ പ്രകാരം, വകുപ്പെന്താണ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച കാര്യങ്ങൾ, ശിക്ഷാ കാലാവധി എന്നിവയും പരസ്യത്തിൽ ഉണ്ടാകണം. 

click me!