
ദില്ലി: ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വൻ വെളിപ്പെടുത്തലുമായി എഎപി നേതാവിന്റെ മകൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ എഎപി ടിക്കറ്റിൽ മത്സരിക്കുന്നതിന് അരവിന്ദ് കെജ്രിവാളിന് ആറ് കോടി രൂപ പിതാവ് വാഗ്ദാനം ചെയ്തതായി എഎപി നേതാവ് ബിൽബിർ സിംഗ് ജാഖറിന്റെ മകൻ ഉദയ് വെളിപ്പെടുത്തി. വെസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാർത്ഥിയാണ് ബിൽബിർ സിംഗ് ജാഖർ.
ജനുവരിയിലാണ് പിതാവ് എഎപിയിൽ ചേർന്നത്. വെസ്റ്റ് ദില്ലിയിൽ എഎപി ടിക്കറ്റിൽ മത്സരിക്കുന്നതിന് ആറ് കോടിയാണ് പിതാവ് അരവിന്ദ് കെജ്രിവാളിന് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പിതാവ് പണം നൽകിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും ഉദയ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്തിനാണ് തന്റെ പിതാവിന് സീറ്റ് നൽകിയത്. സീറ്റ് നൽകാൻ മാത്രം അദ്ദേഹം അണ്ണാഹസാരെയുടെ നിരാഹാരസമരത്തിൽ പങ്കെടുത്തയാളല്ല. അരവിന്ദ് കെജ്രിവാളിനും ഗോപാൽ റായിക്കുമാണ് പിതാവ് പണം നൽകിയതെന്നും ഉദയ് പറഞ്ഞു.
തന്റെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ പിതാവ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റേയും എഎപിയുടേയും യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാൻ താൻ മുന്നിട്ടിറങ്ങിയതെന്നും ഉദയ് വ്യക്തമാക്കി. പഠനത്തിനായി പണം ചോദിക്കുമ്പോൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനാൽ കയ്യിൽ പണമില്ലെന്നായിരുന്നു പിതാവിന്റെ പ്രതികരണമെന്നും ഉദയ് കൂട്ടിച്ചേർത്തു.