ദിവാകരനെ ഇടതുപക്ഷം നേര്‍ച്ചക്കോഴിയാക്കി, വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിക്കും: ബിജെപി

By Web TeamFirst Published May 24, 2019, 5:53 PM IST
Highlights

 മണ്ഡലത്തില്‍ ശശി തരൂരിന് അനുകൂലമായ രീതിയില്‍ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചെന്നും, നാന്നൂറോളം ബൂത്തുകളില്‍ ക്രോസ്സ് വോട്ട് നടന്നെന്നും ശശി തരൂരിന് വേണ്ടി സിപിഎം പ്രാദേശിക നേതാക്കള്‍ ക്രോസ്സ് വോട്ട് ചെയ്തുവെന്നും സുരേഷ് ആരോപിച്ചു. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുണ്ടായ പരാജയം അംഗീകരിക്കുന്നതായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഡ്വ.സുരേഷ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ശക്തിപ്പെട്ടെന്നും സുരേഷ് അവകാശപ്പെട്ടു. 

തിരുവനന്തപുരത്ത് ബിജെപിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ട് കുറഞ്ഞു. 25,000 വോട്ടുകള്‍ വരെ കുറഞ്ഞിട്ടുണ്ട്. മണ്ഡലത്തില്‍ ശശി തരൂരിന് അനുകൂലമായ രീതിയില്‍ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചെന്നും, നാന്നൂറോളം ബൂത്തുകളില്‍ ക്രോസ്സ് വോട്ട് നടന്നെന്നും ശശി തരൂരിന് വേണ്ടി സിപിഎം പ്രാദേശിക നേതാക്കള്‍ ക്രോസ്സ് വോട്ട് ചെയ്തുവെന്നും സുരേഷ് ആരോപിച്ചു. 

കോടികള്‍ കൈപ്പറ്റിയാണ് സിപിഎം തരൂരിന് വോട്ട് മറിച്ചത്. പരമ്പരാഗത വോട്ടുകള്‍ വരെ തിരുവനന്തപുരത്ത് എല്‍ഡിഎഫിന് നഷ്ടമായി. സിപിഎം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വോട്ടു കച്ചവടം നടത്തിയത് കൊണ്ടു മാത്രമാണ് അവിടെ ശശി തരൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സി.ദിവാകരനെ ഇടതുപക്ഷം നേര്‍ച്ചക്കോഴിയാക്കിയെന്നും സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് എന്‍എസ്എസ് വോട്ടുകള്‍ ബിജെപിക്ക് തന്നെ ലഭിച്ചു എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പലിശ സഹിതം തിരിച്ചടിക്കുമെന്നും സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.  

click me!