Latest Videos

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു

By Web TeamFirst Published Mar 23, 2019, 8:49 AM IST
Highlights

സംഘപരിവാർ വിരുദ്ധനായ പ്രകാശ് രാജ് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസിന്‍റെ പിന്തുണ തേടിയിരുന്നെങ്കിലും കിട്ടിയില്ല. ആം ആദ്മി പാർട്ടി പ്രകാശ് രാജിനെ പിന്തുണയ്ക്കുന്നുണ്ട്. എഴുത്തുകാരുടേയും സാംസ്കാരിക പ്രവർത്തകരുടേയും പിന്തുണ പ്രകാശ് രാജിനുണ്ട്.

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു. കോൺഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘപരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രകാശ് രാജ് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസിന്‍റെ പിന്തുണ തേടിയിരുന്നു. പ്രകാശ് രാജ് ആദ്യം കോൺഗ്രസിൽ ചേരട്ടെ, എന്നിട്ട് ആലോചിക്കാമെന്നായിരുന്നു നേതൃത്വത്തിന്‍റെ മറുപടി.

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ പ്രകാശ് രാജ് പര്യടനം തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രകടന പത്രിക തയ്യാറാക്കാൻ മണ്ഡലമാകെ നടന്ന് വോട്ടർമാരെ കണ്ടും സംവാദങ്ങൾ നടത്തിയുമാണ് താരം കളമുറപ്പിച്ചത്. പ്രധാനമായും ബിജെപിയുടെ വർഗ്ഗീയ നിലപാടുകൾക്ക് എതിരായാണ് പ്രകാശ് രാജിന്‍റെ പ്രചാരണം. താൻ വോട്ടർമാരുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും കോൺഗ്രസ്, ബിജെപി നിലപാടുകൾ കാര്യമാക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

അതേസമയം ആം ആദ്മി പാർട്ടിയുടെ പ്രകാശ് രാജിനെ പിന്തുണയിക്കുന്നുണ്ട്. ബിജെപിയുടെ പിസി മോഹനാണ് ബെംഗളൂരു സെൻട്രലിലെ നിലവിലെ സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാർത്ഥിയും . മണ്ഡലത്തിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എഴുത്തുകാരുടേയും സാംസ്കാരിക പ്രവർത്തകരുടേയും പിന്തുണ പ്രകാശ് രാജിനുണ്ട്. ഒരുപക്ഷേ പ്രകാശ് രാജിന് ജയിക്കാനായാൽ അത് ചരിത്രമാകും. കാരണം, 1967ൽ ബെംഗളൂരു സെൻട്രൽ ഉൾപ്പെടുന്ന മണ്ഡലം മൈസൂര്‍ ആയിരുന്നപ്പോൾ വിജയിച്ച ദിനകര ദേശായിയാണ് ഇവിടെനിന്ന് അവസാനമായി വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി.

click me!