ആലപ്പുഴയിലേക്ക് അടൂർ പ്രകാശിനെ പരിഗണിക്കുന്നു, മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

By Web TeamFirst Published Mar 11, 2019, 10:12 AM IST
Highlights

മുതിർന്ന നേതാക്കൾ മത്സിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ അതേസമയം നിലവിലെ എംഎൽഎമാരെ കൂട്ടത്തോടെ മത്സരിപ്പിക്കുന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് 

ദില്ലി: ആലപ്പുഴയിൽ നിലവിലെ എംപി കെസി വേണുഗോപാൽ മത്സരിക്കാനില്ലെന്ന് ഉറച്ച നിലപാടെടുത്തതോടെ കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ പരിഗണിക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ഇന്ന് ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് നിർണായക ചർച്ചകളുണ്ടാകും. ഇടതുപക്ഷ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പോന്ന മുതി‌ർന്ന കോൺഗ്രസ് നേതാക്കൾ തന്നെ മത്സരിക്കണമെന്ന് ഇന്നത്തെ സ്ക്രീനിംഗ് കമ്മിറ്റിയിൽ ആവശ്യമുയരും.
 
സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരുന്നുണ്ടെങ്കിലും  ഇന്നത്തെ യോഗത്തിൽ കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച വിഷയം ചർച്ചയാവില്ല.

മുതിർന്ന നേതാക്കളെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പത്തനംതിട്ടയിലോ ഇടുക്കിയിലോ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി കേരളത്തിൽ തുടരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. പാലക്കാട് സിറ്റിംഗ് എംഎൽഎ ഷാഫി പറമ്പിലിനെ പരിഗണിക്കുന്ന കാര്യവും സജീവ ചർച്ചയായെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഷാഫി പറമ്പിൽ എംഎൽഎ 

വടകരയിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് ആവർത്തിക്കുകയാണ്. കണ്ണൂരിൽ പരിഗണിച്ചിരുന്ന കെ സുധാകരനും മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ ആ സീറ്റിലും അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസിന്‍റെ സിറ്റിംഗ് എംപിമാരുടെ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ അതൃപ്തി  പ്രകടിപ്പിച്ച  എറണാകുളത്തും പത്തനം തിട്ടയിലും പുതിയ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനിയിലുണ്ട്. എറണാകുളത്ത് സിറ്റിംഗ് എംഎൽഎ ഹൈബി ഈഡന്‍റെ പേരാണ് ഉയരുന്നത്. 

മുതിർന്ന നേതാക്കൾ മത്സിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ അതേസമയം നിലവിലെ എംഎൽഎമാരെ കൂട്ടത്തോടെ മത്സരിപ്പിക്കുന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നാളെ അഹമ്മദാഹാദിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. അതിന് ശേഷം രാഹുൽ ഗാന്ധി കേരളത്തിലെത്തും. തുടർന്ന് മാർച്ച് 15 നോ 16 നോ ആയിരിക്കും കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സംബന്ധിച്ച് അവസാന തീരുമാനത്തിലെത്തുകയുള്ളു.

click me!