ഇനി തെരഞ്ഞെടുപ്പ് പ്രചാരണം; ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് ഇടിയും കുഞ്ഞാലിക്കുട്ടിയും

By Web TeamFirst Published Mar 11, 2019, 9:53 AM IST
Highlights

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് സന്ദർശനം

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് സന്ദർശനം.

സിറ്റിംഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലുമാണ് മത്സരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.

രണ്ട് സീറ്റ് മാത്രം സ്വീകരിച്ച് ലീഗ് ഇപ്പോള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നു. മൂന്നാമതൊരു സീറ്റിന് ലീഗിന് എല്ലാ അര്‍ഹതയും ഉണ്ട്. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചും മുന്നണിയുടെ കെട്ടുറപ്പിനായും മൂന്നാം സീറ്റില്‍ ലീഗ് വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഹൈദരലി തങ്ങള്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ രാജ്യസഭാ സീറ്റ് മുസ്ലീംലീഗിന് തരാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് ലഭിച്ച ഒരു സീറ്റില്‍ നവാസ് ഗനി മത്സരിക്കുമെന്ന് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ മുൻപ് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ പ്രചരണപരിപാടികളാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയാവുക. 

click me!