'കോന്നിപ്പോര്' തീരുന്നില്ല, അനുനയങ്ങൾക്ക് വഴങ്ങാതെ അടൂർ പ്രകാശ്, റോബിൻ പീറ്ററിനെ സ്ഥാനം നൽകി സമാധാനിപ്പിച്ചു

By Web TeamFirst Published Sep 29, 2019, 8:10 PM IST
Highlights

അനുനയത്തിന്‍റെ ഭാഗമായി റോബിൻ പീറ്ററിന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം നൽകിയെങ്കിലും അടൂർ പ്രകാശ് ഇപ്പോഴും ഒത്തു തീർപ്പുകളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

തിരുവനന്തപുരം: വിമത സ്ഥാനർത്ഥിയായി മത്സരിക്കാൻ വരെ ഒരുങ്ങിയ റോബിൻ പീറ്ററിന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം നൽകിയെങ്കിലും കോന്നിയിലെ കോൺഗ്രസ് ഉൾപ്പോര് തീരുന്നില്ല. ആറ്റിങ്ങൽ എംപിയും കോന്നി മുൻ എംഎൽഎയുമായ അടൂർ പ്രകാശ് ഇപ്പോഴും മോഹൻ രാജിന്‍റെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തി വെടിഞ്ഞിട്ടില്ല. 

കോന്നി എംഎൽഎയായിരുന്ന അടൂർ പ്രകാശിന്‍റെ നോമിനിയായിരുന്ന റോബിൻ പീറ്ററിനെ മറികടന്നാണ് പി മോഹൻ രാജിനെ കെപിസിസി സ്ഥാനാർത്ഥിയാക്കിയത്. കോന്നിയിൽ പ്രചാരണത്തെത്തില്ലേ എന്ന ചോദ്യത്തിന് ആറ്റിങ്ങലിൽ തിരക്കുകളുണ്ടെന്ന് വരെ അടൂർ പ്രകാശ് ഒരു ഘട്ടത്തിൽ പ്രതികരിച്ചിരുന്നു. നാളെ നടക്കുന്ന നാമനിർദ്ദേശ പത്രിക സമർപ്പണത്തിനടക്കം അടൂർ പ്രകാശ് എത്തുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. നാളെ കോന്നിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലും അടൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന.

കോന്നിയിലെ എംഎൽഎ എന്ന നിലയിലുള്ള അടൂരിന്‍റെ വ്യക്തി ബന്ധങ്ങൾ തെര‍ഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്ന് കെപിസിസി പറയുന്നത് വിജയിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം അടൂരിനാണെന്ന് തന്നെയാണ് ഇത് വഴി നേതൃത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. പക്ഷേ അടൂർ പ്രകാശ് ഇപ്പോഴും ഇടഞ്ഞ് നിൽക്കുകയാണ്.  

കോന്നിയിൽ ആദ്യം മുതലേ അടൂർ പ്രകാശ് വാദിച്ചത് റോബിൻ പീറ്ററിന് വേണ്ടിയാണ്. എന്നാൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്താൻ ഈഴവ സ്ഥാനാർത്ഥിയെ വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ പീറ്ററിന് പകരം പി മോഹൻ രാജിന് കെപിസിസി സീറ്റ് നൽകിയത്. സീറ്റ് നഷ്ടമാകുമെന്ന് വന്നതോടെ റോബിൻ പീറ്ററും അടൂർ പ്രകാശും പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. റോബിൻ റിബൽ സ്ഥാനാർത്ഥിയാകുമെന്ന സാഹചര്യം വരെയുണ്ടായി.

ഇതിന് പിന്നാലെ അനുനയത്തിനായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ റോബിൻ പീറ്ററിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് അനുനയ ചർ‍ച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിമതനാകാനില്ലെന്നും ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്നും റോബിൻ പീറ്റർ വ്യക്തമാക്കിയത്. 

അനുയത്തിന്‍റെ ഭാഗമായാണ് ഒടുവിൽ റോബിൻ പീറ്ററിന് ഡിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം നൽകിയിരിക്കുന്നത്. ഇതോടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. പ്രശ്നങ്ങൾ തീരുമെന്ന് തന്നെ പ്രാദേശിക നേതാക്കളും പ്രതീക്ഷ പങ്കുവയ്ക്കുന്നു.

click me!