'പാലാ' ആവേശത്തിൽ എൽഡിഎഫ്; കൺവൻഷനുകൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 29, 2019, 7:23 PM IST
Highlights

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം നാടും നാട്ടുകാരും എൽഡിഎഫിനെ അംഗീകരിക്കുന്നതിന്റെ തെളിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് പക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കോടിയേരി ബാലകൃഷ്ണൻ
 

വട്ടിയൂർക്കാവ്/ കോന്നി : പാലാ ഉപതെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ആവേശത്തിൽ എൽഡിഎഫ് കൺവൻഷനുകൾക്ക് തുടക്കം. കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയനും വട്ടിയൂർക്കാവിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. പാലായിൽ എൽഡിഎഫ് നേടിയ അട്ടിമറി ജയം  ഉയർത്തിക്കാട്ടിയായിരുന്നു ഇരുവരുടെയും പ്രചാരണം. കോൺഗ്രസിനുള്ളിലെ പടലപിണക്കങ്ങൾക്കും ബിജെപി നയങ്ങൾക്കെതിരെയും കൺവൻഷൻ പ്രസംഗങ്ങളിൽ കടുത്ത ഭാഷയിൽ വിമർശനവുമുണ്ടായി.

നാടും നാട്ടുകാരും എൽഡിഎഫിനെ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ പാലായിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ ചൂണ്ടുപലകയെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പാലാ ഫലം മുന്നിൽ വച്ച് വോട്ടർമാർ വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിധിയെഴുതും. പാലാ ഫലം വരും മുൻപ് സർക്കാർ രാജിവക്കുന്ന കാര്യം വരെ ചർച്ച ചെയ്ത കോൺഗ്രസ് നേതാക്കളുണ്ട്. പാലായെ കുറിച്ച് ശങ്കിക്കാനില്ലെന്ന് ഉറപ്പിച്ചാണ് ചിലർ ഈ അവകാശവാദം ഉന്നയിച്ചത്. എന്നാൽ നാടും നാട്ടുകാരും എൽഡിഎഫിനെ ആണ് അംഗീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശബ്ദത പാലിക്കുന്ന കോൺഗ്രസ് മതനിരപേക്ഷതയെ തകർക്കുന്ന ബിജെപിയെ സംരക്ഷിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കോൺഗ്രസിനൊപ്പം ബിജെപിയ്ക്കെതിരെയും ഉണ്ടായി മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. ബിജെപിയെ കേരളത്തിന് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തുറന്നടിച്ചു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്ക് ബദൽ ഇടത് പക്ഷം മാത്രമാണ്. ബിജെപിക്ക് ബദൽ എന്ത് വേണമെന്ന് ജനത്തിനറിയാം എന്നും മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർത്തു. പാലായിൽ എൽഡിഎഫിന് അനുകൂലമായ അതേ വിധിയെഴുത്ത് തന്നെ ആകും കോന്നിയിലും ഉണ്ടാകുകയെന്നുറപ്പിച്ച് പറഞ്ഞായിരുന്നു കൺവൻഷൻ വേദിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മടക്കം. അതേ സമയം ശബരിമല വിഷയം മുഖ്യമന്ത്രി ഒരിടത്തും പരാമർശിച്ചില്ല. കോന്നിയിൽ ശബരിമല പ്രചരണ വിഷയമാക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More : കോന്നിയിൽ 'ശബരിമല' ചര്‍ച്ചയാകും, മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കെ സുരേന്ദ്രൻ

പാലാ ഫലം ഭരണ വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആവർത്തിച്ചായിരുന്നു വട്ടിയൂർക്കാവിൽ  കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം. 2016നേക്കാൾ ഇടത് പക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തു നിലവിൽ ഉള്ളതെന്നും പാലാ എന്ന യുഡിഎഫ് കോട്ട തകർത്തത് അതിന് ഉദാഹരണം ആണെന്നും കോടിയേരി പറഞ്ഞു. എല്ലാ കാലത്തും കോൺഗ്രസിൽ നിൽക്കണമെന്ന കരാർ ഒന്നുമില്ലെന്ന് പറഞ്ഞ ശശി തരൂരിന് മറുപടി പറയാനുള്ള അവസരമാണ് വട്ടിയൂർക്കാവുകാർക്ക് ഈ തെരഞ്ഞെടുപ്പ് എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. തരൂരിനെതിരെ ശബ്ദിച്ച മുരളീധരനെ ഒതുക്കിയെന്നും കോൺഗ്രസിനെതിരെ കോടിയേരി വിമ‍ർശനം ഉന്നയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ബിജെപി വിരുദ്ധ പ്രചാരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ സഹായിച്ചതെന്നും കോടിയേരി പറഞ്ഞു.വോട്ടർമാർ തെറ്റിദ്ധരിച്ചെങ്കിലും ഇപ്പോൾ ആ തെറ്റ് അവ‍ർ തിരിച്ചറിഞ്ഞു. ബിജെപിക്ക് ബദൽ ഇടതുപക്ഷം മാത്രമെന്ന വസ്തുത  ജനം തിരിച്ചറിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

കണ്‍വെൻഷനുകളിലേക്ക് കടന്നതോടെ അ‍ഞ്ചിടങ്ങളിലും എൽഡിഎഫ് പ്രചാരണം സജീവമാവുകയാണ്. തിങ്കളാഴ്ച്ച അരൂരിലും മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എറണാകുളത്ത് എ.വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ.ചന്ദ്രശേഖരനും കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനൊപ്പമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെയാണ് എൽഡിഎഫിന്‍റെ പ്രചാരണായുധം.


 

click me!