തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 'ചൗകിദാർ' ജയിലിൽ പോകും: രാഹുൽ ഗാന്ധി

By Web TeamFirst Published Apr 5, 2019, 10:42 AM IST
Highlights

തൊഴിലില്ലായ്‌മ, അഴിമതി, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയിലൂന്നി നിന്നാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്

നാഗ്‌പുർ: മോദി സർക്കാർ അഴിമതിക്കാരാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചൗകിദാർ ജയിലിലായിരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നാഗ്പുരിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ്‌പുരിലും റാംടെകിലെയും സ്ഥാനാർത്ഥികളായ നാനാ പടോൾ, കിഷോർ ഗജ്‌ബിയെ എന്നിവർക്ക് വേണ്ടിയായിരുന്നു പ്രചാരണം.

തൊഴിലില്ലായ്‌മ, അഴിമതി, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയിലൂന്നി നിന്നാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. "550 കോടി വില നിശ്ചയിച്ചിരുന്ന റാഫേൽ യുദ്ധവിമാനങ്ങൾ മോദി സർക്കാർ 1600 കോടി രൂപയ്ക്കാണ് വാങ്ങിയത്. ഫ്രഞ്ച് സർക്കാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ഇടപാട് നടത്തിയത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് ഇതേപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇടപാടിൽ ചില കള്ളത്തരങ്ങൾ നടന്നെന്ന് പരീക്കറിന് മനസിലായി," എന്നും അദ്ദേഹം പറഞ്ഞു.

അനിൽ അംബാനി, വിജയ് മല്യ, ഗൗതം അദാനി, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരെല്ലാം തട്ടിപ്പുകാരാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, മോദിക്ക് ഇവരെല്ലാം സഹോദരങ്ങളാണെന്നും പറഞ്ഞു. ന്യായ് പദ്ധതി തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞ അദ്ദേഹം, 15 ലക്ഷം തരുമെന്ന് കള്ളം പറയില്ലെന്നും, കള്ളത്തരങ്ങൾക്ക് മൂന്ന് മാസത്തിനപ്പുറം ആയുസ്സില്ലെന്നും പറഞ്ഞു. ഇന്ത്യയെ ചൈനയേക്കാൾ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പ്രസംഗത്തിൽ വാഗ്‌ദാനം ചെയ്തു.

 

click me!