തെരഞ്ഞെടുപ്പ് വരും പോകും, പക്ഷെ ഇങ്ങനെ തരംതാഴരുത്; വിജയത്തിന് പിന്നാലെ കെജ്രിവാളിനെ കടന്നാക്രമിച്ച് ഗൗതം ഗംഭീര്‍

By Web TeamFirst Published May 25, 2019, 5:09 PM IST
Highlights

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ദില്ലി ഈസ്റ്റ് മണ്ഡലത്തില്‍ വിജയം കൊയ്ത ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. 

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ദില്ലി ഈസ്റ്റ് മണ്ഡലത്തില്‍ വിജയം കൊയ്ത ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇരട്ടിയോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ഗംഭീര്‍ വിജയക്കൊടി നാട്ടിയത്. 

തെരഞ്ഞെടുപ്പ് വരും പോകും മൂല്യങ്ങള്‍ മറന്ന് തരംതാണ രീതിയില്‍ പ്രചാരണം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റെല്ലാം നഷ്ടപ്പെടുമെന്ന് മനസിലാക്കണമെന്നായിരുന്നു കെജ്രിവാളിന്‍റെ പേരെടുത്ത് പറഞ്ഞുള്ള ഗംഭീറിന്‍റെ വിമര്‍ശനം.

ദില്ലി മുഖ്യമന്ത്രിയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഏതൊരു ദിവസമാണോ നിങ്ങള്‍ മൂല്യങ്ങളും ആശയങ്ങളും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്നത്, അന്ന് നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെടും. ഒരു സീറ്റില്‍ ജയിക്കാന്‍ അത്രയും തരംതാണ രീതിയില്‍ ഇനിയും പ്രചാരണം നടത്തുകയാണെങ്കില്‍ ഇതില്‍ കൂടുതല്‍ ഒന്നും തനിക്ക് താങ്കളോട് പറയാനില്ല മുന്‍ ക്രിക്കറ്റ് താരം കൂടിയായ- ഗംഭീര്‍ പറഞ്ഞു.

തോറ്റ സ്ഥാനാര്‍ത്ഥി എഎപിയുടെ അതിഷിക്കെതിരെ ലൈംഗികാതിക്ഷേപമടക്കമുള്ള  നോട്ടീസ് ഗൗതം ഗംഭീര്‍ അടക്കം ബിജെപി നേരിട്ട്  വിതരണം ചെയ്തുവെന്നായിരുന്നു എഎപിയുടെ ആരോപണം. എന്നാല്‍ ഇത് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് അന്ന് തന്നെ ഗംഭീര്‍ മറുപടി നല്‍കിയിരുന്നു.

അതേസമയം ഗംഭീറിനെതിരെ രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ എഎപി സ്ഥാനാര്‍ത്ഥി അതിഷിക്ക് സാധിച്ചില്ല. മണ്ഡലത്തിലെ 55.3 ശതമാനം(696156) വോട്ടും ഗംഭീര്‍ സ്വന്തമാക്കി.  കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥി അര്‍വിന്ദര്‍ സിങ് ലവ്ലിക്ക് 24.2 ശതമാനം(304934) വോട്ടും ലഭിച്ചപ്പോള്‍ അതിഷിക്ക് 17.4 ശതമാനം(219328) വോട്ട് മാത്രമാണ് നേടാനായത്.
 

click me!