
ദില്ലി: തെരഞ്ഞെടുപ്പ് അടുക്കുന്തോറും രസകരമായ ഒട്ടനവധി വാർത്തകളാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണാർഥം പാടത്തിറങ്ങി കൊയ്ത് നടത്തുന്ന താരങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെങ്കിൽ വൃക്ക വിൽക്കുമെന്ന് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ വരെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ രസകരമായൊരു വാർത്തയാണ് മഹാരാഷ്ട്രയിൽനിന്ന് വരുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ സുജവ് വിഖെ പാട്ടിലും അദ്ദേഹത്തിന്റെ ഭാര്യ ധനശ്രീ പാട്ടീലും ഒരേ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
ഇതെങ്ങനെ സംഭവിച്ചുവെന്നല്ലോ? കോൺഗ്രസിൽ നിന്ന് പാർട്ടി മാറി ബിജെപിയിലേക്ക് മറുകണ്ടം ചാടിയതാണ് സുജവ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് നൽകാത്തതിനെ തുടർന്നായിരുന്നു സുജവ് ബിജെപിയിലേക്ക് ചാടിയത്. എൻസിപി നേതാവ് ശരത് പവാറിന്റെ കുടുംബവുമായുള്ള സംഘർഷമാണ് കോൺഗ്രസ് വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ഭർത്താവിന്റെ തീരുമാനത്തെ അനുകൂലിക്കുന്നുവെന്നായിരുന്നു അപ്പോൾ സുജവിന്റെ തീരുമാനത്തെ അനുകൂലിച്ച് ധനശ്രീ പറഞ്ഞത്.
സുജയുടെ നാമനിർദ്ദേശിക പത്രികയിൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുണ്ടെങ്കിൽ ഒരു മുൻകരുതൽ എന്നോണമാണ് അതേമണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശികപത്രിക സമർപ്പിച്ചതെന്ന് ധനശ്രീ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകനാണ് സുജയ്.