രാഹുൽ വരുന്നു, നിര്‍ണ്ണായക വഴിത്തിരിവിൽ കോൺഗ്രസ്; വയനാട്ടിലേക്ക് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

By Web TeamFirst Published Mar 31, 2019, 1:18 PM IST
Highlights

ആദ്യമായാണ് നെഹ്റു കുടുംബാംഗം കേരളത്തിൽ നിന്ന് ജനവിധി തേടുന്നത്. രാഹുലിൻറെ വയനാടൻ പരീക്ഷണം പതിനേഴാം ലോക്സഭയുടെ ഘടന നിർണ്ണയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ദേശീയ രാഷ്ട്രീയം

ദില്ലി: കേരളത്തിൽ നിന്ന് ഇതാദ്യമായാണ് നെഹ്റു കുടുംബത്തിൽ നിന്നൊരാൾ ജനവിധി തേടാനെത്തുന്നത്. ചര്‍ച്ചകൾ തുടങ്ങി ഒരാഴ്ചയിലേറെയായെങ്കിലും നിര്‍ണായക തീരുമാനം വന്നതോടെ വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്കെത്തി. രണ്ടു പതിറ്റാണ്ടിനു ശേഷം നെഹ്റുകുടുംബാംഗം തെക്കേ ഇന്ത്യയിൽ മത്സരിക്കാനെടുത്ത തീരുമാനം നിർണ്ണായക വഴിത്തിരിവാകുമോയെന്ന് ഉറ്റു നോക്കുകയാണ് ദേശീയ രാഷ്ട്രീയം. 

ഇതിനു മുമ്പ് തെക്കേ ഇന്ത്യയിൽ ഒരു നെഹ്റു കുടുംബാംഗം മത്സരിച്ചത് 1999ൽ ബെല്ലാരിയിലാണ്.  അന്ന്  സുഷമ സ്വരാജിനെ സോണിയാഗാന്ധി പരാജയപ്പെടുത്തിയത് 56,100 വോട്ടുകൾക്കായിരുന്നു. തെക്കേ ഇന്ത്യയിലെ 130 സീറ്റിൽ കോൺഗ്രസ് നേടിയത് 60 സീറ്റ്. ഐക്യ ആന്ധ്രയിൽ അന്ന് കോൺഗ്രസ് നിർണ്ണായക ശക്തിയായിരുന്നു.

ഇന്ന് രാഹുൽ വരുമ്പോൾ  തെക്കേ ഇന്ത്യയിൽ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത് 50 സീറ്റാണ്. നിലവിൽ ലോക്സഭയിൽ 48 സീറ്റു മാത്രമുള്ള കോൺഗ്രസിനു ഈ സംഖ്യ പ്രധാനമാണ്. തെക്കേ ഇന്ത്യ വിട്ടാൽ കോൺഗ്രസ് ഒറ്റയ്ക്ക് ബിജെപിക്കെതിരെ പോരാടുന്നത് 180 സീറ്റിൽ. ഇതിൽ പകുതി നേടിയാലും 130 എന്ന ലക്ഷ്യം കടക്കാം. വയനാട്ടിലേക്ക് രാഹുൽ വരുമ്പോൾ കോൺഗ്രസ് കേന്ദ്രത്തിൽ പ്രതീക്ഷിക്കുന്നത് തിരിച്ചുവരവ് മാത്രമാണ്.  

രണ്ടായിരത്തി പതിനാലിൽ നരേന്ദ്രമോദി തരംഗമുണ്ടാക്കിയത് വടക്കേ ഇന്ത്യയിലാണ്. തെക്കേ ഇന്ത്യ പ്രാദേശിക പാർട്ടികൾക്ക് ഒപ്പം നിന്നു. കർണ്ണാടകത്തിൽ ബിജെപിയെ തടഞ്ഞ് കോൺഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിൽ എത്തിയത് സുപ്രധാന വഴിത്തിരിവായി എന്ന് രാഹുൽ ഗാന്ധി കരുതുന്നു. മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയെ വീഴ്ത്താൻ കർണ്ണാടകത്തിലെ ഈ ജനവിധി സഹായിക്കുകയും ചെയ്തു.   ആദ്യ മൂന്നു ഘട്ടങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്ന തെക്കേ ഇന്ത്യയിൽ രാഹുൽ പ്രതീക്ഷിക്കുന്നതും ഇതേ തുടക്കമാണ്. 

ന്യൂനപക്ഷ വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിലേക്കാണ് രാഹുൽ വരുന്നത്. സബ്കാ ന്യായ് സബ്കാ സമ്മാൻ എന്ന മുദ്രാവാക്യം ഉറപ്പിക്കാൻ ഇത് ആയുധമാക്കും. എന്നാൽ രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ശക്തമാക്കും. വടക്കേ ഇന്ത്യയിൽ ഒറ്റ സുരക്ഷിതമണ്ഡലം പോലും കോൺഗ്രസിനില്ല എന്ന വാദവും ഉയര്‍ന്നു  വരും. മുസ്ലിംലീഗിൻറെ സഹായം തേടിയുള്ള മത്സരം രാഹുലിൻറെ മൃദു ഹിന്ദുത്വ നിലപാട് ഖണ്ഡിക്കാനും എതിർപക്ഷം ഉപയോഗിക്കും.

വിശാല പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീഴ്ത്തിയാണ് രാഹുൽ വയനാണ് ചുരം കയറുന്നത്. ഇടതുപക്ഷത്തിനൊപ്പം എൻസിപി പോലുള്ള പാർട്ടികളും വയനാട്ടിലേക്ക് പോകരുതെന്ന സന്ദേശം കോൺഗ്രസ് നേതൃത്വത്തിന് നല്കിയിരുന്നു. എന്നാൽ തല്ക്കാലം  സ്വന്തം കാര്യം നോക്കുകയെന്ന നിലപാടാണ് കോൺഗ്രസിന്.

രാഹുൽ പാർലമെൻറിൽ ഉണ്ടാവേണ്ടത് കോൺഗ്രസിൻറെ നിലനില്പിൻറെ വിഷയം കൂടിയാണ്. നൂറിന് മുകളിലേക്ക് സംഖ്യ ഉയർത്തിയില്ലെങ്കിൽ ഭരണം കിട്ടിയാലും പ്രാദേശിക പാർട്ടികൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും. രണ്ടായിരത്തി പതിനാലിൽ വാരാണസി തെരഞ്ഞെടുത്ത് നരേന്ദ്രമോദി ഉത്തർപ്രദേശിനെ ഇളക്കി മറിച്ചു. അത് പോലെ രാഹുലിൻറെ വയനാടൻ പരീക്ഷണം പതിനേഴാം ലോക്സഭയുടെ ഘടന നിർണ്ണയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി 

click me!