ശബരിമലയിലെ 'രാഷ്ട്രീയം'; പെരുമാറ്റച്ചട്ടം നടപ്പാക്കാൻ സര്‍വകക്ഷി യോഗം ഇന്ന്

By Web TeamFirst Published Mar 13, 2019, 6:47 AM IST
Highlights

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന്. ശബരിമല പ്രചാരണവിഷയമാക്കരുതെന്ന നിർദ്ദേശത്തിൽ എതിർപ്പറിയിക്കാൻ ബിജെപിയും കോൺഗ്രസും. ചട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ടിക്കാറാം മീണ.

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന മീണയുടെ നിലപാടിനെതിരെ ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ വിമര്‍ശനമുയര്‍ത്തും.

പൊതു തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കുന്നത് പതിവാണെങ്കിലും ശബരിമല വിവാദത്തോടെ സ്ഥിതി മാറിയിരിക്കുകയാണ്. ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാമെന്ന് പ്രതീക്ഷിച്ച ബി ജെ പിയെയും കോണ്‍ഗ്രസിനെയും ടിക്കാറാം മീണയുടെ നിലപാട് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ശബരിമല മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബി ജെ പി ഉന്നയിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടേതെന്ന് കോണ്‍ഗ്രസും പറയുന്നു. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തിലുളള വിമര്‍ശനം ഇരു പാര്‍ട്ടികളും ഉന്നയിക്കും.
 
അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഓഫീസര്‍ക്ക് സി പി എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീണയുടെ മുന്നറിയിപ്പോടെ ശബരിമല വിഷയത്തിലൂന്നിയുളള പ്രചരണത്തിന് ശക്തി കുറയുമെന്നും ഇടത് മുന്നണി കണക്ക് കൂട്ടുന്നു. പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ തയ്യാറാക്കിയ സിവിജില്‍ ആപ്പിനെക്കുറിച്ചും ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുന്ന വിഷയവും ചര്‍ച്ചയാകും.

click me!