മാനം കാത്ത് ആരിഫ്; അനുകൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാനാവാതെ ഷാനിമോൾ

By Web TeamFirst Published May 23, 2019, 6:39 PM IST
Highlights

ബിജെപി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍റെ നാലുമടങ്ങ് വോട്ടുകള്‍ നേടിയപ്പോള്‍ ആരിഫിനും ഒപ്പം ഇടതുമുന്നണിക്കും അത് വലിയ ആശ്വാസമായി

ആലപ്പുഴ: തുടക്കത്തില്‍ മാറിയും മറിഞ്ഞും പിന്നീട് സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചുമാണ് ആലപ്പുഴയില്‍ എഎം ആരിഫ് കേരളത്തിലെ ഇടതുമുന്നണിയുടെ മാനം കാത്തത്. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് മന്ത്രിമാരുടേതിലടക്കം അഞ്ചു മണ്ഡലങ്ങളിലും മുന്നിലെത്തിയിട്ടും ചേര്‍ത്തലയും കായംകുളവും ആരിഫിനെ രക്ഷിക്കുകയായിരുന്നു. 

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ആരിഫാണെങ്കിൽ പിന്നാലെ ഷാനിമോള്‍ മുന്നില്‍. മാറിയും മറിഞ്ഞും ലീഡുകൾ. ആരിഫ് പതുക്കെ ചേര്‍ത്തലയും കായംകുളത്തും മുന്നേറിയപ്പോള്‍ ഷാനിമോള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.  അങ്ങനെ സംസ്ഥാനത്തെ ഇടതുമുന്നണിയുടെ ഏക വിജയിയായി എഎം ആരിഫ് മാറി. 

നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കെസി വേണുഗോപാലിനെ നേരിടാനൊരുങ്ങിയപ്പോള്‍ തന്നെ ഇടതുമുന്നണി ആലപ്പുഴ ഉറപ്പിച്ചിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായപ്പോഴും എല്‍ഡിഎഫ് പ്രചാരണത്തില്‍ ഒരുപാട് മുന്നേറി. അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഷാനിമോള്‍ ആരിഫിനൊപ്പമെത്തി. സംസ്ഥാനത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് കരുത്തായപ്പോള്‍ ആരിഫിനെ അത് ബാധിച്ചില്ല. ബിജെപി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍റെ നാലുമടങ്ങ് വോട്ടുകള്‍ നേടിയപ്പോള്‍ ആരിഫിനും ഒപ്പം ഇടതുമുന്നണിക്കും അത് വലിയ ആശ്വാസമായി. 

സംസ്ഥാനമാകെ ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും ശക്തമായി പിടിച്ചുനിന്ന സിപിഎമ്മിന്‍റെ ഉശിരനായ നേതാവായി എഎം ആരിഫ്. ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കയ്യിലുള്ള മണ്ഡലം കൈവിട്ട ഷാനിമോള്‍ ഉസ്മാന് വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം. 

നിയമസഭാമണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ വലിയ ഭൂരിപക്ഷം മറികടന്ന് ആലപ്പുഴയുടെ പ്രതിനിധിയാവാന്‍ കെസി വേണുഗോപാലിനെ പോലെ ഷാനിമോള്‍ക്ക് ആകാന്‍ കഴിയാതിരുന്നത് വരും ദിവസങ്ങളിലും കേരളം ചര്‍ച്ച ചെയ്യും. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളും സ്വന്തമാക്കാന്‍ കഴിയുമായിരുന്ന അപൂര്‍വ്വ അവസരം കളഞ്ഞുകുളിച്ചതിന്‍റെ ഉത്തരവാദിത്തവും ഇനി കോണ്‍ഗ്രസ്സ് ഷാനിമോളുടെ തലയില്‍കെട്ടിവെക്കും. 
 

click me!