അദ്വാനിക്ക് പകരം അമിത് ഷാ; എംപിമാരെയും കേന്ദ്രമന്ത്രിമാരെയും ശ്രദ്ധയോടെ വിന്യസിച്ച് ബിജെപി പട്ടിക

By Web TeamFirst Published Mar 21, 2019, 9:42 PM IST
Highlights

എല്‍ കെ അദ്വാനി മല്‍സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്ന് അമിത് ഷാ മല്‍സരിക്കും. അഞ്ച് തവണ എം പിയായി അദ്വാനി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗാന്ധി നഗര്‍

ദില്ലി: ഏറെക്കാലത്തിന് ശേഷം എല്‍ കെ അദ്വാനിക്ക് സീറ്റ് നല്‍കാതെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം. എല്‍ കെ അദ്വാനി മല്‍സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്ന് അമിത് ഷാ മല്‍സരിക്കും. അഞ്ച് തവണ എം പിയായി അദ്വാനി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗാന്ധി നഗര്‍.

സ്ഥാനാര്‍ഥിത്വത്തിന് പ്രായപരിധി നിശ്ചിയക്കേണ്ടെന്ന് ബി ജെ പി പാര്‍ലമെന്‍ററി ബോര്‍ഡ് നേരത്തെ തീരുമാനം വ്യക്തമാക്കിയിരുന്നു. 75 വയസ് പിന്നിട്ടവരേയും മല്‍സരിപ്പിക്കുമെന്ന് വിശദമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡിന്റെ നിലപാട്. എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കുമോയെന്ന ചോദ്യം നിലനില്‍ക്കയായിരുന്നു ഈ നിലപാട് എന്നാല്‍ പട്ടിക പുറത്ത് വന്നപ്പോള്‍ അദ്വാനിയ്ക്ക് സീറ്റ് ലഭിച്ചില്ല. ബിജെപിയുടെ പ്രമുഖ നേതാക്കളായ മുരളി മനോഹര്‍ ജോഷിയും മനേകാ ഗാന്ധിയും വരുൺ ഗാന്ധിയും ബിജെപി പട്ടികയില്‍ ഇടം നേടിയില്ല. 

LIVE: Press conference by Shri at BJP HQ. https://t.co/idp2vAGuvp

— BJP (@BJP4India)

പോരാട്ടം ശക്തമാക്കാന്‍ എം പിമാരേയും കേന്ദ്രമന്ത്രിമാരേയും വളരെ ശ്രദ്ധാപൂര്‍വ്വം വിന്യസിക്കുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. 182 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചത്. നിതിന്‍ ഗഡ്കരി നാഗ്പൂറിലും, രാജ്നാഥ് സിങ് ലക്നൗവ്വിലും, ഹേമ മാലിനി മഥുരയിലും, സ്മൃതി ഇറാനി അമേഠിയിലും, വികെ സിങ് ഗാസിയാബാദിലും, സാക്ഷി മഹാരാജ് ഉന്നാവിലും, പൂനം മഹാജന്‍ മുംബൈ നോര്‍ത്തിലും, കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റിലും മത്സരിക്കും.

കർണാടകത്തിലെ ഹാസനിൽ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ എ മഞ്ജുവാണ് ബിജെപി സ്ഥാനാർഥി. അതേസമയം
 സുമലത മത്സരിക്കുന്ന മണ്ട്യയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. സിപിഎമ്മിൽ നിന്ന് രാജിവച്ച എംഎൽഎ ഖഗൻ മുർമുവിന് മാൽഡ ഉത്തർ സീറ്റാണ് ബിജെപി നല്‍കിയത്. കോൺഗ്രസില്‍ നിന്ന് രാജിവെച്ച  എംഎൽഎ ഉമേഷ്‌ ജാദവ് കൽബുർഗിയിൽ മല്ലികാർജുൻ ഖാർഖേയെ നേരിടും. 


തൂത്തുക്കുടിയിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരജൻ മത്സരിക്കുമ്പോള്‍ കോയമ്പത്തൂരിൽ മുൻ സംസ്ഥാന പ്രസിഡന്റ് സി പി രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് ശിവഗംഗയിൽ നിന്ന് മത്സരിക്കുന്നത്. 

click me!