വയനാട് കാട്ടി രാഹുൽ ഗാന്ധിയെ വഴിതെറ്റിച്ചത് ഉമ്മൻചാണ്ടിയെന്ന് ആനത്തലവട്ടം ആനന്ദൻ

By Web TeamFirst Published Mar 28, 2019, 10:58 PM IST
Highlights

 ബിജെപിയെ എതിർത്ത് ദേശീയോത്ഗ്രഥനത്തിനാണ് വരുന്നതെങ്കിൽ രാഹുൽ ഗാന്ധി ബിജെപിയുടെ മടയിൽ പോയി മത്സരിക്കണ്ടേയെന്ന് ആനത്തലവട്ടം ചോദിച്ചു. 

 

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലം കാട്ടി രാഹുൽ ഗാന്ധിയെ വഴിതെറ്റിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ആനത്തലവട്ടം ആനന്ദൻ. ബിജെപി മത്സരിക്കാത്ത മണ്ഡലത്തിലേക്കാണ് രാഹുൽ ഗാന്ധിയെ ഉമ്മൻചാണ്ടി മത്സരിക്കാൻ ക്ഷണിച്ചത്. ആരാണ് മുഖ്യശത്രു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യം പ്രസക്തമാണ്. രാഹുൽ വരുകയോ പോവുകയോ തോൽക്കുകയോ ചെയ്യട്ടെ, ഇടതുപക്ഷം വയനാട്ടിൽ ജയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. മുഖ്യ ശത്രു ആരാണെന്ന് പ്രതിപക്ഷ കക്ഷികളും രാഹുൽ ഗാന്ധിയോട് ചോദിച്ചു. ഉമ്മൻചാണ്ടിയും മറ്റ് കോൺഗ്രസ് സംസ്ഥാന നേതാക്കളുടേയും ഗ്രൂപ്പ് കളിയാണ് രാഹുൽ ഗാന്ധിയെ വഴിതെറ്റിച്ചതെന്നും ആനത്തലവട്ടം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയെ  വയനാട്ടിലെ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിക്കാൻ കേരളത്തിലെ പ്രമാണികളായ കോൺഗ്രസ് നേതാക്കൾ തമ്മിൽ മത്സരമായിരുന്നു. പിറ്റേ ദിവസം പി സി ചാക്കോ രാഹുലിന് ഇതേപ്പറ്റി അറിവില്ലായിരുന്നു എന്ന് പറഞ്ഞു. ബൽറാം ടിവിയിൽ പറഞ്ഞത് രാഹുൽ ഗാന്ധി വരുന്നത് ദേശീയോദ്ഗ്രഥനത്തിനാണ് എന്നാണ്. ബിജെപിയെ എതിർത്ത് ദേശീയോത്ഗ്രഥനത്തിനാണ് വരുന്നതെങ്കിൽ രാഹുൽ ഗാന്ധി ബിജെപിയുടെ മടയിൽ പോയി മത്സരിക്കണ്ടേയെന്നും ആനത്തലവട്ടം ചോദിച്ചു. 

ഇപ്പോൾ രാഹുൽ വരില്ല എന്നായപ്പോൾ കോൺഗ്രസിന് ഉണ്ടാകുമെന്ന് പറഞ്ഞ ഉണർവ് എവിടെ പോയെന്നും ആനത്തലവട്ടം ചോദിച്ചു. കോൺഗ്രസിന്‍റെ ഉണർവ് തണുത്ത് ഐസായിപ്പോയോ? ഇനി രാഹുൽ മത്സരിക്കാൻ നിന്നാലും പിണറായി ചോദിച്ച ചോദ്യം ഇടതുപക്ഷം ആവർത്തിക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. രാഹുലിനെതിരായി ശക്തമായ മത്സരവും നടത്തും. ഇടതുപക്ഷത്തിന് ശക്തിയില്ലാത്തിടത്ത് അഞ്ച് വോട്ട് ഉണ്ടെങ്കിൽ ആ അഞ്ച് വോട്ട് ബിജെപിക്ക് എതിരായി മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് നൽകും. ഇത്  സിപിഎം പരസ്യമായി പറഞ്ഞതാണെന്നും രഹസ്യക്കച്ചവടമല്ലെന്നും ആനത്തലവട്ടം പറഞ്ഞു.

ഭരിക്കാൻ കസേര കാണുമ്പോൾ ചാടിക്കയറുന്ന പാർട്ടിയല്ല സിപിഎം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേര വച്ചുനീട്ടിയിട്ട് പോയില്ല. പാർലമെന്‍റിലോ അസംബ്ലിയിലോ ഒറ്റ സീറ്റില്ലെങ്കിലും ഈ നാടിന്‍റെ പ്രതിപക്ഷമായിരിക്കും ഇടതുപക്ഷമെന്നും ഇടത് നയം നടപ്പാക്കാൻ കഴിയുമെങ്കിലേ ഭരണത്തിൽ സിപിഎം പങ്കാളിയാകൂ എന്നും ആനത്തലവട്ടംന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. 

click me!