വമ്പന്‍ വാഗ്ദാനങ്ങളുമായി ആന്ധ്രയിലെ പാര്‍ട്ടികള്‍: 72,000 മുതല്‍ 2 ലക്ഷം വരെ വാഗ്ദാനം

By Web TeamFirst Published Apr 7, 2019, 6:50 AM IST
Highlights

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വർഷത്തിൽ 72000 രൂപയാണ്. എന്നാൽ ആന്ധ്രയിൽ ടിഡിപി അധികാരം തുടർന്നാൽ രണ്ട് ലക്ഷം രൂപ വരെയാണ് ഓരോ കുടുംബത്തിനും കിട്ടാൻപോകുന്നത്.

വിജയവാഡ: ആന്ധ്ര പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകാൻ മത്സരിച്ച് ടിഡിപിയും വൈഎസ്ആർ കോൺഗ്രസും. കർഷകർക്ക് വ‌ർഷത്തിൽ ഒരു ലക്ഷം രൂപ വരെ സഹായം ജഗൻ മോഹൻ റെഡ്ഡി വാഗ്ദാനം ചെയ്തപ്പോൾ ഇരട്ടി തുക പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു പ്രകടനപത്രികയിറക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വർഷത്തിൽ 72000 രൂപയാണ്. എന്നാൽ ആന്ധ്രയിൽ ടിഡിപി അധികാരം തുടർന്നാൽ രണ്ട് ലക്ഷം രൂപ വരെയാണ് ഓരോ കുടുംബത്തിനും കിട്ടാൻപോകുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രകടനപത്രികയിൽ ഊന്നൽ ഇതിനാണ്.

നായിഡു പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് മുഖ്യ എതിരാളി ജഗൻ മോഹൻ റെഡ്ഡി വൈഎസ്ആർ കോൺഗ്രസിന്‍റെ പ്രകടന പത്രിക അവതരിപ്പിച്ചത്. 12,500 മുതൽ ഒരു ലക്ഷം രൂപ വരെ കർഷകർക്ക് വർഷത്തിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. നായിഡു അത് ഇരട്ടിയാക്കി. സ്കൂളിൽ കുട്ടികളെ വിടുന്ന അമ്മമാർക്ക് ജഗന്‍റെ വാഗ്ദാനം 15000 രൂപ. നായിഡു മൂവായിരം കൂട്ടിപ്പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലെ വനിതകൾക്ക് അഞ്ച് കൊല്ലം കൊണ്ട് അമ്പതിനായിരമെന്ന് നായിഡു. ജഗന്‍റെ വാഗ്ദാനം പ്രതിവർഷം 50,000. കൂട്ടത്തിൽ പലിശ രഹിത വായ്പയും.

ഓട്ടോ തൊഴിലാളികൾ, അലക്കുകാർ,തുന്നൽക്കാർ എന്നിവർക്കൊക്കെ ജഗന്‍റെ പത്രികയിൽ പതിനായിരം വാഗ്ദാനമുണ്ട്. ആദായനികുതി പരിധിക്ക് താഴെ വരുമാനമുളളവർക്ക് സൗജന്യ ചികിത്സയുണ്ടാവും നായിഡു ഭരണത്തിൽ. അഞ്ച് ലക്ഷത്തിൽ താഴെ വരുമാനമുളളവർക്കാണ് ജഗന്‍ ഈ സൗജന്യം വാഗ്ദാനം ചെയ്യുന്നത്. മത്സരം ഇതിലൊക്കെയുണ്ടെങ്കിലും കാർഷിക കടങ്ങൾ തളളുന്ന കാര്യത്തിൽ ഇരുവർക്കും ഒരേ സ്വരം. രണ്ട് പ്രകടന പത്രികയിലും ഇക്കാര്യമില്ല. ഈ പറഞ്ഞതു തന്നെ നടപ്പാക്കണമെങ്കിൽ രണ്ട് ലക്ഷം കോടിയെങ്കിലും ചുരുങ്ങിയത് വേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. പിന്നെ എങ്ങനെയാണ് കര്‍ഷകരുടെ നാടായ ആന്ധ്രയില്‍ കടം എഴുതി തള്ളുക. 

click me!