'ഇതെന്ത് കോപ്രായം?', രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലെ അനിശ്ചിതത്വത്തെ കളിയാക്കി കോടിയേരി

By Web TeamFirst Published Mar 25, 2019, 4:43 PM IST
Highlights

'ദേശീയാധ്യക്ഷൻ മത്സരിക്കുന്ന സീറ്റിൽപ്പോലും തീരുമാനമില്ലേ? ഇതെന്ത് കോപ്രായമാണ്?' പരിഹസിച്ച് കോടിയേരി. 

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമാകാത്തതിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം പാർട്ടിയുടെ ദേശീയാദ്ധ്യക്ഷൻ എവിടെ മത്സരിക്കണമെന്ന് പോലും ഉറപ്പില്ലാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് കോടിയേരി ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ ഒരു കോപ്രായം കണ്ടിട്ടില്ല. ഇതെന്തൊരു കോപ്രായമാണ്? കോടിയേരി ചോദിച്ചു.

പ്രതിമാസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉറപ്പാക്കുമെന്ന പ്രഖ്യാപനം പുതിയതല്ലെന്ന് കോടിയേരി പറഞ്ഞു. പ്രതിമാസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഈ കേരളത്തിൽ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാൽ ആരാണ് വോട്ട് ചെയ്യുക? മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. പ്രഖ്യാപനം കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം അവകാശവാദം മാത്രമാണെന്നും കോടിയേരി പരിഹസിച്ചു. 

click me!