
ദില്ലി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചന പിന്നാലെ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പിഴുതെറിയുവാനുള്ള സമയമായെന്ന് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
'നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായ ജനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായി. നോട്ടുനിരോധനം, തൊഴിലില്ലാഴ്മ, തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടാനുള്ള സമയമാണ് വന്നിരിക്കുന്നത്'; കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ രാജ്യത്ത് ഏഴ് ഘട്ടമായി നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23 ന് പ്രഖ്യാപിക്കും.