
ജയ്പൂർ: രാജ്യത്തെ മുഴുവൻ അബദ്ധത്തിൽ ചാടിച്ച ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ട്. രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബെനേശ്വർ ധാമിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദി പശുക്കളെ പറ്റിയും രാമ ക്ഷേത്രത്തെ പറ്റിയും ദേശഭക്തിയെ പറ്റിയും സംസാരിക്കുന്നു. നമ്മൾ ഇവിടെ ദേശഭക്തി ഇല്ലാതെയാണോ ജീവിക്കുന്നത്? ഒരു രാജ്യത്തെ മുഴുവൻ അബദ്ധത്തിൽ ചാടിച്ച ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തും'- അശോക് ഗേലോട്ട് പറഞ്ഞു. ദളിതർ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ, ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ തുടങ്ങിയവർക്കുവേണ്ടിയുള്ള പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോദി മറുപടി തന്നില്ലെന്നും അശോക് ഗേലോട്ട് കൂട്ടിച്ചേർത്തു.
ജനാധിപത്യ സംസ്കാരം നിലനിർത്താൻ കഴിഞ്ഞ എഴുപത് വർഷമായി കോൺഗ്രസ് ശ്രമിച്ചു വരികയാണെന്നും പുരോഗതിയും വികസനവും രാജ്യം കണ്ടത് പാർട്ടിയുടെ ഭരണത്തിൻ കീഴിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി ഒന്നും ചെയ്യാൻ ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസിന് സാധിച്ചില്ലെന്ന ബിജെപിയുടെ വിമർശനത്തിനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റും റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. ദരിദ്രർ, കർഷകർ, യുവജനങ്ങൾ, തൊഴിലില്ലാത്തവർ, സ്ത്രീകൾ എന്നിവർക്ക് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്ന് പൈലറ്റ് ആരോപിച്ചു. തൊഴിലില്ലായ്മ, രാസവളങ്ങളുടെ കുറവ്, വിത്ത് തുടങ്ങിയവ പോലുള്ള ജനശ്രദ്ധ ആകർഷിക്കുന്ന പ്രശ്നങ്ങളിൽ നിന്നും മോദി വ്യതിചലിച്ചുവെന്നും പൈലറ്റ് കുറ്റപ്പെടുത്തി.