തലസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ പ്രതീക്ഷയെന്ന് സിപിഎം; നഗരവോട്ട് തുണയാകുമെന്ന് ബിജെപി

By Web TeamFirst Published Apr 20, 2019, 10:26 PM IST
Highlights

തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിൽ നിന്ന് കിട്ടുന്ന വോട്ടുകൾ കൊണ്ട് മാത്രം സി ദിവാകരൻ ജയിക്കുമെന്ന് സിപിഎം. കുമ്മനം രാജശേഖരന് നഗരമേഖലകളിൽ കിട്ടുന്ന ഭൂരിപക്ഷം കൊണ്ട് വേറെ എവിടെ കുറവ് വന്നാലും നികത്തുമെന്ന് ബിജെപി. ശശി തരൂർ മൂന്നാം വട്ടവും വിജയം ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോൺഗ്രസ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിൽ നിന്ന് കിട്ടുന്ന വോട്ടുകൾ കൊണ്ട് മാത്രം ഇടതുപക്ഷ സ്ഥാനാർത്ഥി സി ദിവാകരൻ ജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എന്നാൽ ബിജെപിയുടെ കുമ്മനം രാജശേഖരന് നഗരമേഖലകളിൽ കിട്ടുന്ന ഭൂരിപക്ഷം കൊണ്ട് വേറെ എവിടെ കുറവ് വന്നാലും നികത്തുമെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മൂന്നാം വട്ടവും വിജയം ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് ആർ വി രാജേഷ് പറഞ്ഞു.  കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ലാസ്റ്റ് ലാപ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു മൂന്ന് പേരും.

തിരുവനന്തപുരത്ത് ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് പോയെന്നത് പ്രചാരവേല മാത്രമാണെന്ന് ആനാവൂ നാഗപ്പൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് ഇടതുപക്ഷത്തിനായിരുന്നു ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കും. സംസ്ഥാന സർക്കാരിൻറെ വികസനപ്രവർത്തനങ്ങളും ഇത്തവണ ഗുണം ചെയ്യുമെന്ന് ആനാവൂർ നാഗപ്പൻ അവകാശപ്പെട്ടു. കോവളം പാറശ്ശാല, കഴക്കൂട്ടം, നെയ്യാറ്റിൻകര എന്നിങ്ങനെ ഗ്രാമീണ മേഖലകളിലെല്ലാം ഇടതുപക്ഷം ഒന്നാമതെത്തുമെന്നും നഗരമേഖലകളിൽ ചിലപ്പോൾ രണ്ടാമതായേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗ്രാമീണമേഖലകളിൽ നിന്ന് നേടുന്ന ഭൂരിപക്ഷം കൊണ്ട് സി ദിവാകരൻ ജയിക്കുമെന്നായിരുന്നു ആനാവൂരിന്‍റെ അവകാശവാദം.

നഗര മേഖലകളിൽ ബിജെപി നേടുന്ന ഭൂരിപക്ഷം കൊണ്ട് വേറെ എവിടെ കുറവ് വന്നാലും നികത്തുമെന്ന് വിവി രാജേഷ് അവകാശപ്പെട്ടു. ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് പോയി എന്നത് വസ്തുതയാണെന്നും രാജേഷ് പറഞ്ഞു. ആദ്യത്തെ തെരഞ്ഞെടുപ്പിൽ ശശി തരൂരിന്‍റെ വിജ്ഞാനത്തിലും ഐക്യരാഷ്ട്ര സഭയിൽ നിന്ന് വന്നതിന്‍റെ ഗ്ലാമറിലും ഭ്രമിച്ചാണെന്നും വി വി രാജേഷ് പറഞ്ഞു. രണ്ടാം തവണ സിപിഎം ക്രോസ് വോട്ട് ചെയ്താണ് തരൂരിനെ ജയിപ്പിച്ചതെന്ന് വി വി രാജേഷ് ആരോപിച്ചു. എന്നാൽ ഇക്കുറി സിപിഎം ക്രോസ് വോട്ട് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും രാജേഷ് പറഞ്ഞു.

ഗ്രാമീണ മേഖലയിൽ കോൺഗ്രസ് പുറകോട്ട് പോകില്ലെന്ന് കോൺഗ്രസ് നേതാവ് ആർ വി രാജേഷ് പറഞ്ഞു. കഴിഞ്ഞ തവണ മോദി തരംഗത്തിലാണ് തരൂരിന്‍റെ ഭൂരിപക്ഷം കുറഞ്ഞത്. എന്നാൽ ഇത്തവണ ആ സാഹചര്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടകംപള്ളി വിജയിച്ച കഴക്കൂട്ടത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിലെത്തിയത് സിപിഎം വോട്ട് കൊണ്ടാണെന്ന് ആർ വി രാജേഷ് ആരോപിച്ചു. വട്ടിയൂർക്കാവ് മുരളീധരൻ 7500 വോട്ടിന് വിജയിച്ച മണ്ഡലമാണ്. ഇത്തവണ ഗ്രാമീണ, നഗര വോട്ടുകൾ തരൂരിനെ തുണയ്ക്കുമെന്നും മൂന്നാം വട്ടവും തരൂർ ജയിച്ചുകയറുമെന്നും ആർ വി രാജേഷ് അവകാശപ്പെട്ടു.

click me!