ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷനിൽ 142.33 ശതമാനം വോട്ട് രേഖപ്പെടുത്തി

By Web TeamFirst Published May 19, 2019, 10:31 PM IST
Highlights

ഹിമാചൽ പ്രദേശിൽ ഹിമാലയത്തിലെ തഷിഗാങ് എന്ന സ്ഥലത്ത് സ്ഥാപിച്ച പോളിങ് ബൂത്തിലാണ് 142.85 ശതമാനം വോട്ട് രേഖപ്പെടുത്തിയത്

ഷിംല: സമുദ്രനിരപ്പിൽ നിന്ന് 15256 അടി ഉയരെ ഹിമാചൽ പ്രദേശിൽ ഹിമാലയത്തിലെ തഷിഗാങ് എന്ന സ്ഥലത്ത് സ്ഥാപിച്ച പോളിങ് ബൂത്തിൽ 142.85 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.  ഹിമാചലിൽ തന്നെയുള്ള ഏറ്റവും ചെറിയ പോളിങ് സ്റ്റേഷനെന്ന വിശേഷണമുള്ള 'ക' എന്ന സ്ഥലത്തെ ബൂത്തിൽ ആകെയുണ്ടായിരുന്ന 16 പേരിൽ 13 പേരും വോട്ട് രേഖപ്പെടുത്താനെത്തി. തഷിഗാങിൽ ആകെ 49 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ 70 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്യണം എന്ന ആഗ്രഹ സഫലീകരണത്തിനായി പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്തതാണ് ഇത്രയും ഉയർന്ന് വോട്ട് ശതമാനം രേഖപ്പെടുത്താൻ കാരണം. തഷിഗാങിലെ വോട്ടർമാരിൽ 36 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 

നേരത്തെ ഹിക്കിമായിരുന്നു ഏറ്റവും ഉയർന്ന പോളിങ് സ്റ്റേഷൻ. എന്നാൽ 2017 ൽ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് ഹിക്കിമിന് പകരം തഷിഗാങിനെ പോളിങ് സ്റ്റേഷനാക്കി തിരഞ്ഞെടുത്തു. ഇന്ത്യ-ടിബറ്റൻ അതിർത്തിയോട് ചേർന്ന് ഹിമാലയത്തിലെ സ്പിതി താഴ്വരയിലുള്ള ഗ്രാമമാണ് ഇത്. ദേശീപാത 22 ന്റെ അരികിലാണ് ഈ താഴ്വര.

രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പോളിങ് സ്റ്റേഷനുൾപ്പെട്ട പ്രദേശത്തെ താപനില മരവിച്ച് പോകുന്നതിന് താഴെയായിരുന്നു. ഹിമാചലിലെ മാണ്ഡി പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണിത്. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം കൂടിയാണ് മാണ്ഡി. ബിജെപിയുടെ സിറ്റിങ് എംപി രാം ശരൺ ശർമ്മയ്ക്ക് എതിരെ മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ കൊച്ചുമകൻ ആശ്രയ് ശർമ്മയാണ് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്.

 

 

click me!