
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടനോട് രാജ്യം വിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഫെർദൗസ് അഹമ്മദ് എന്ന നടനോടാണ് രാജ്യം വിടാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി താരത്തിന് നോട്ടീസും നൽകി.
ഫെർദൗസിന്റെ ബിസിനസ് വിസ റദ്ദാക്കിയതിനൊപ്പം താരത്തെ കരിമ്പട്ടികയിലും ഉൾപ്പെടുത്തി. റായിഗഞ്ച് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയായ കനായി ലാൽ അഗർവാളിനുവേണ്ടിയാണ് ഫെർദൗസ് പ്രചാരണം നടത്തിയത്. പായൽ സർക്കാർ, അങ്കുഷ് ഹസ്ര എന്നിവർക്കും സ്ഥാനാർഥിക്കുമൊപ്പമായിരുന്നു നടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ബംഗ്ലാദേശിലെ ജനപ്രിയ നടനാണ് ഫെർദൗസ്.
ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മുഖ്യമന്ത്രി മമത ബാനർജി തിരിച്ചറിയൽ കാർഡ് നൽകി വോട്ടർമാരാക്കിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ നടൻ സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
തൃണമൂലിന്റേത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എങ്ങനെയാണ് ഒരു വിദേശിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ കഴിയുക. നാളെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മമത പ്രചാരണത്തിന് ക്ഷണിച്ചേക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.