നിക്ഷേപത്തിൽ മുന്നിൽ ബിഎസ്‌പി: രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് ബാലൻസ് ഇങ്ങിനെ

By Web TeamFirst Published Apr 15, 2019, 10:15 AM IST
Highlights

പൊതുമേഖലാ ബാങ്കുകളിലെ എട്ട് അക്കൗണ്ടുകളിലാണ് ബിഎസ്‌പി 25 സംസ്ഥാനത്തെ 669 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്.  പണമായി 95.54 ലക്ഷം രൂപ കൈവശം ഉണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ദില്ലി: രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇത് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള രാഷ്ട്രീയ പാർട്ടി ബിഎസ്പിയാണ്. 670 കോടി രൂപയാണ് 2018 ഡിസംബർ മാസം ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

തലസ്ഥാന പരിധിയിൽ വരുന്ന പൊതുമേഖലാ ബാങ്കുകളിലെ എട്ട് അക്കൗണ്ടുകളിലാണ് ബിഎസ്‌പി 25 സംസ്ഥാനത്തെ 669 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്.  പണമായി 95.54 ലക്ഷം രൂപ കൈവശം ഉണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സമാജ്‌വാദി പാർട്ടിയുടെ പക്കൽ 471 കോടി രൂപയാണ് ഉള്ളത്. കോൺഗ്രസിന്റെ കൈവശം 196 കോടി രൂപയുണ്ട്. തെലുഗുദേശം പാർട്ടിക്ക് 107 കോടി രൂപയും ബിജെപിക്ക് 82 കോടി രൂപയുമാണ് ബാങ്കിലുള്ളത്. പട്ടികയിൽ ഏറ്റവും പുറകിൽ സിപിഎമ്മും ആംആദ്മി പാർട്ടിയുമാണ്. ഇരു പാർട്ടികളുടെയും പക്കൽ മൂന്ന് കോടി രൂപ മാത്രമാണ് ഉള്ളത്.

രാഷ്ട്രീയ പാർട്ടികൾ അടച്ച ആദായ നികുതിയുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത് 2017 ൽ 1034 കോടിയും 2018 ൽ 1027 കോടിയും ബിജെപിയുടെ വരുമാനമായി രേഖപ്പെടുത്തിയെന്നാണ്. ഇതേ കാലത്ത് ബിഎസ്‌പിയുടെ വരുമാനം 174 കോടിയിൽ നിന്ന് 52 കോടിയിലേക്ക് കുത്തനെ വീണു.

കോൺഗ്രസ് 2016-17 കാലത്ത് 225 കോടിയാണ് വരുമാനം കാണിച്ചത്. 2018 ലെ കണക്കുകൾ പാർട്ടി ഇതുവരെ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിപിഎം തങ്ങളുടെ വാർഷിക വരുമാനം 100 കോടിയിലേറെയാണെന്ന് ആദായ നികുതി വകുപ്പിനെ അറിയിക്കുന്നുണ്ട്. 

click me!