
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന ബിജെപി നിലപാടിനെതിരെ ബിഡിജെഎസ് വയനാട് ജില്ലാ കമ്മിറ്റി. വയനാട് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എൻ കെ ഷാജി അറിയിച്ചു.
മുൻ ധാരണയ്ക്ക് വിരുദ്ധമായാണ് വയനാട് സീറ്റ് വേണമെന്ന് ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നത്. വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രസ്താവന നടത്തിയത് മുന്നണി മര്യാദയ്ക്ക് എതിരാണെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. സ്ഥാനാർത്ഥിയെ തീരുമാനിച്ച് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടത്തിൽ ഇനി സീറ്റ് വിട്ടുനൽകാനാവില്ലെന്നും ബിഡിജെഎസ് പറഞ്ഞു.
വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. മുന്നണിയിൽ ആലോചിക്കാതെ വയനാട് സീറ്റ് ഏറ്റെടുത്തേക്കുമെന്ന ശ്രീധരൻ പിള്ളയുടെ പ്രസ്താവനയാണ് ബിഡിജെഎസിനെ പ്രകേപിപ്പിച്ചത്.
നിലവില്‍ 14 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. വയനാടും തൃശൂരും ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ ബിഡിജെഎസിനും കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനുമാണ് നൽകിയിരിക്കുന്നത്. എന്നാൽ രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ നിലവിലെ സീറ്റ് വിഭജനത്തിൽ കാര്യമായ മാറ്റം വരുത്തിയേക്കുമെന്ന സൂചനയാണ് ബിജെപി സംസ്ഥന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്?