
ഇടുക്കി: എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിനായി പ്രചാരണത്തിനിറങ്ങി ഹൈറേഞ്ച് സംരക്ഷണ സമിതി. ഇത്തവണ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സമിതിയുടെ പരസ്യ പ്രചാരണം. കസ്തൂരി രംഗൻ വിവാദം കത്തി നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഭയുടെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ പ്രവർത്തനമായിരുന്നു ജോയ്സ് ജോർജിന്‍റെ വിജയത്തിനാധാരം.
എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം സ്ഥിതി മാറി. പരസ്യ പ്രചരണത്തിനിറങ്ങേണ്ടെന്ന കത്ത് വൈദികക്ക് കൈമാറി കത്തോലിക്ക സഭ ജോയ്സിനുള്ള പിന്തുണ പിൻവലിച്ചു. സമിതിയുടെ മുഖമായ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ പരസ്യ പ്രചാരണത്തിൽ നിന്ന് വിലക്കി. ഇതോടെ ഇത്തവണ പ്രചാരണത്തിനിറങ്ങണോ എന്ന സംശയം സമിതിയിൽ ഉടലെടുത്തിരുന്നു. ഇത് സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന ആരോപണം ശക്തമാക്കുമെന്ന തിരിച്ചറിവാണ് വൈകിയാണെങ്കിലും പ്രചാരണം തുടങ്ങാനുള്ള തീരുമാനത്തിന് കാരണമായത്.
300 പേരടങ്ങുന്ന സംഘം വീടുകൾ കയറിയാണ് ജോയ്സിനായി വോട്ട് അഭ്യർത്ഥിക്കുന്നത്. ഇടുക്കിക്കാരുടെ താത്പര്യം മുൻനിർത്തി ഭേദഗതികളോടെ കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനത്തിനായി പരിശ്രമിക്കുന്ന ജോയ്സിന് ഒരു അവസരം കൂടി നൽകണം എന്ന് അഭ്യർത്ഥിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രചാരണം.