വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച അമിത് ഷായുടെ പരാമർശത്തിൽ ബിഡിജെഎസിന് അതൃപ്തി

By Web TeamFirst Published Apr 12, 2019, 11:50 AM IST
Highlights

പരസ്യപ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും വയനാടിനെപ്പറ്റിയുള്ള അമിത്ഷായുടെ പാകിസ്ഥാൻ പരാമർശത്തിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. അമിത് ഷായുടെ വാക്കുകൾ ഉണ്ടാക്കിയ ക്ഷീണം മറികടക്കാൻ  എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിൽ എടുത്തുകൊണ്ട് താഴേ തട്ടുമുതൽ വിശദീകരണം വേണ്ടിവരുമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്.

വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോ കണ്ടാൽ പാകിസ്ഥാനിലാണ് റാലി നടന്നതെന്ന് തോന്നും എന്ന അമിത് ഷായുടെ പരാമർശത്തിൽ ബിഡിജെഎസിന് അതൃപ്തി. അമിത്ഷായുടെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായ തുഷാർ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമിത് ഷായുടെ പരാമർശത്തെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളോടും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചില്ല. അമിത് ഷായെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ തുഷാർ വെള്ളാപ്പള്ളി തയ്യാറാകുന്നില്ലെങ്കിലും പാകിസ്ഥാൻ പരാമർശത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ്  ബിഡിജെഎസ് നേതൃത്വത്തിൽ നിന്ന് കിട്ടുന്ന സൂചന.

അമിത് ഷാ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചത് കോൺഗ്രസും ഇടതുപക്ഷവും വയനാട്ടിൽ ശക്തമായ പ്രചാരണ ആയുധമാക്കുകയാണ്. വോട്ട് ചോദിച്ച് വീടുവീടാന്തരം കയറുന്ന ബിജെപി, ബിഡിജെഎസ് പ്രവർത്തകർക്ക് അമിത്ഷായുടെ പാകിസ്ഥാൻ പരാമർശത്തിന് മറുപടി പറയേണ്ട നില പലയിടത്തുമുണ്ട്. 

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 44 ശതമാനം പ്രാതിനിധ്യമുള്ള വയനാട്ടിൽ അമിത് ഷായുടെ പാകിസ്ഥാൻ പരാമർശം തിരിച്ചടിയാകും എന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തൽ. വയനാട് മണ്ഡലത്തിൽ രണ്ടാം ഘട്ടം പ്രചാരണം പൂർത്തിയായ ഘട്ടത്തിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടി എന്ന നരേന്ദ്രമോദിയുടെ പരാമർശവും അതിന് പിന്നാലെ വന്ന അമിത് ഷായുടെ പാകിസ്ഥാൻ പ്രയോഗവും എൻഡിഎക്ക് അനുകൂലമായി കിട്ടാനിടയുള്ള വോട്ടുകൾ ചോർത്തുമെന്നാണ് ബിഡിജെഎസിന്‍റെ ആശങ്ക. 

കഴിഞ്ഞ തവണ രശ്മിൽ നാഥ് ബിജെപിക്കുവേണ്ടി എൺപതിനായിരത്തിൽപരം വോട്ടുകൾ നേടിയ മണ്ഡലമാണ് വയനാട്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ വയനാട് ദേശീയ ശ്രദ്ധയിലേക്ക് വന്നപ്പോൾ തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയ തുഷാർ വെള്ളാപ്പള്ളി  മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് വയനാട്ടിലേക്ക് ചുവടുമാറ്റിയത്.  പരസ്യപ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും പാകിസ്ഥാൻ പരാമർശം എൻഡിഎയിൽ കല്ലുകടിയായിട്ടുണ്ട്. അമിത് ഷായുടെ വാക്കുകൾ ഉണ്ടാക്കിയ ക്ഷീണം മറികടക്കാൻ  എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിൽ എടുത്തുകൊണ്ട് താഴേ തട്ടുമുതൽ വിശദീകരണം വേണ്ടിവരുമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്.

click me!