
കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ പാന്റ്സ് അഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബംഗാൾ ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഘോഷിന്റെ പരമാർശത്തിൽ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
രാമ നവമി ആഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പരസ്യബോർഡിൽ ദിലീപ് ഘോഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് ഹോർഡിങ്സ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നീക്കം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് പരസ്യബോർഡ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. ഇതിൽ പ്രകോപിതനായ ഘോഷ് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കുകയായിരുന്നു.
തന്റെ സാന്നിധ്യത്തിൽ വേണനായിരുന്നു ബോർഡ് എടുത്ത് മാറ്റാനെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ പാന്റ്സ് ഊരുമെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. ബംഗാളിലെ മെഡിനിപൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ദിലീപ് ഘോഷ്.