
ചാലക്കുടി: തുടക്കം മുതല്‍ മുന്നേറ്റം നിലനിര്‍ത്തുന്ന ചാലക്കുടിയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. പ്രതീക്ഷിച്ച വിജയമാണ് ചാലക്കുടിയില്‍ കാണാനാകുന്നതെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു.
കൂട്ടായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തിയത്. താന്‍ അസുഖമായി കിടന്ന സമയത്ത് സഹപ്രവര്‍ത്തകരും എംഎല്‍എമാരും ഒരുമിച്ച് എണ്ണയിട്ട പ്രവര്‍നത്തനമാണ് കാഴ്ച വച്ചത്. അതിന്‍റെ കൂടി വിജയമാണ് ചാലക്കുടിയില്‍ തനിക്ക് ലഭിക്കുന്നതെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.
പിണറായിയുടെ സര്‍ക്കാര്‍, ഇടത് മുന്നണിയുടെ കൊലപാതക രാഷ്ട്രീയം എന്നിവയോടുള്ള എതിര്‍പ്പാണ് വടക്കന്‍ കേരളത്തില്‍ യുഡിഎഫിന്‍റെ വിജയത്തിന് പിന്നില്‍. ശബരിമല വിഷയത്തില്‍ ഇടതുപാര്‍ട്ടിയും ബിജെപിയും എടുത്ത നിലപാട് വര്‍ഗ്ഗീയമാണ്. യുഡിഎഫ് വിശ്വാസ സംരക്ഷണത്തിന് ഒപ്പമായിരുന്നു. അത് ജനം തിരിച്ചറിഞ്ഞുവെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.
26.37 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ 38619 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 125321 വോട്ടാണ് ഇതുവരെ ബെന്നി ബെഹനാന്‍ നേടിയിരിക്കുന്നത്. രണ്ടാം അങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി ഇന്നസെന്‍റിന് 86702 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.